കോഴിക്കോട്: ഓണാവധിക്ക് സ്‌കൂള്‍ പൂട്ടിയ തക്കത്തിന് അകത്ത് കയറി മോഷണം നടത്തിയ സംഭവത്തില്‍ രണ്ട് പ്രതികള്‍ കൂടി പിടിയിലായി. ബേപ്പൂര്‍ ഇരട്ടച്ചിറ നെല്ലിശ്ശേരി ഹൗസില്‍ ആഷിഖ് (26), മലപ്പുറം ചേലേമ്പ്ര പുല്ലിപ്പറമ്പ് സ്വദേശി അണ്ടിക്കാട്ടുകുഴി ഹൗസില്‍ സുബിന്‍ അശോക് (29) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. കേസിലെ പ്രധാന പ്രതിയായ ചേലേമ്പ്ര പെരുന്നേരി തോട്ടുമ്മല്‍ മുഹമ്മദ് മുസ്താഖ് (29) നേരത്തേ പിടിയിലായിരുന്നു. ഫറോക്ക് ചെറുവണ്ണൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലാണ് ഇവര്‍ മോഷണം നടത്തിയത്.
ഓണാവധി കഴിഞ്ഞ് സ്‌കൂള്‍ തുറക്കാനിരിക്കേ അതിനായുള്ള ഒരുക്കങ്ങള്‍ക്കായി എത്തിയ ജീവനക്കാരാണ് ഓഫീസ് വാതിലിന്റെ പൂട്ടുകള്‍ തകര്‍ത്ത നിലയില്‍ കണ്ടത്. പരിശോധിച്ചപ്പോള്‍ നേരത്തേ വിദ്യാര്‍ത്ഥികളില്‍ നിന്ന് പിടികൂടിയ ആറ് മൊബൈല്‍ ഫോണുകള്‍ നഷ്ടപ്പെട്ടതായി കണ്ടെത്തി. പിന്നീട് വിശദമായി പരിശോധിച്ചപ്പോഴാണ് സ്റ്റോര്‍ റൂമില്‍ സൂക്ഷിച്ചിരുന്ന ഒന്‍പത് ലാപ്ടോപ്പുകളും കാമറയും നഷ്ടമായതായി തിരിച്ചറിഞ്ഞത്. തുടര്‍ന്ന് നല്ലളം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
സ്‌കൂളിലെയും പരിസരങ്ങളിലെയും സിസിടിവി പരിശോധിച്ചതില്‍ മുഖംമൂടി ധരിച്ചെത്തിയ മൂന്ന് യുവാക്കളുടെ ദൃശ്യം ലഭിച്ചു. തുടര്‍ന്ന് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറുടെ കീഴിലുള്ള പ്രത്യേക സംഘത്തിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ കോഴിക്കോട് ഗള്‍ഫ് ബസാര്‍ പരിസരത്ത് നിന്നാണ് മുസ്താഖ് പിടിയിലാകുന്നത്. പിടിയിലായവര്‍ നിരവധി മോഷണ, പിടിച്ചുപറി, അടിപിടി കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടവരാണെന്ന് പൊലീസ് അറിയിച്ചു. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡും ഫറോക് അസിസ്റ്റന്‍റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് അംഗങ്ങളും ചേര്‍ന്നാണ് രണ്ട് പേരെയും പിടികൂടിയത്. ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.