ഹേമ കമ്മിറ്റി റിപ്പോർട്ട് പ്രത്യേക അന്വേഷക സംഘത്തിന് കൈമാറണമെന്ന് ഹൈക്കോടതി

news image
Sep 10, 2024, 11:51 am GMT+0000 payyolionline.in

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം പ്രത്യേക അന്വേഷക സംഘത്തിന് (എസ്ഐടി) കൈമാറണമെന്ന് ഹൈക്കോടതി.  റിപ്പോർട്ടിൻ മേൽ എസ്ഐടി അന്വേഷണം നടത്തി കേസെടുക്കേണ്ട കാര്യങ്ങൾ ഉണ്ടെങ്കിൽ അതുമായി മുന്നോട്ടു പോകാമെന്ന് ജസ്റ്റിസുമാരായ എ കെ ജയശങ്കരൻ നമ്പ്യാർ, സി എസ് സുധ എന്നിവരുടെ ബെഞ്ച് നിർദേശിച്ചു.  രണ്ടാഴ്ചക്കുള്ളിൽ റിപ്പോർട്ട് കൈമാറനാണ് നിർദേശം. ഓഡിയോ വീഡിയോ തെളിവുകളും കൈമാറണം.

റിപ്പോർട്ടിന്റെ രഹസ്യ സ്വഭാവം നിലനിർത്തിയാകണം അന്വേഷണമെന്ന് കോടതി അന്വേഷക സംഘത്തോട് ആവശ്യപ്പെട്ടു. പരാതിക്കാരുടെയും ഇരകളുടെയും സ്വകാര്യത പൂർണമായി നിലനിർത്തണം. മൊഴികൾ നൽകിയവരുടെ ഉൾപ്പെടെയുള്ള വിവരങ്ങൾ പുറത്തു പോകരുത്. അവർക്ക് സമ്മർദ്ദം ഉണ്ടാകരുത്. പരാതിക്കാരിക്ക് കേസുമായി മുന്നോട്ടു പോകേണ്ട എന്നാണെങ്കിൽ അത് മാനിക്കണം. പോക്സോ കുറ്റകൃത്യങ്ങൾ റിപ്പോർട്ടിൽ ഉൾപ്പെട്ടിട്ടുണ്ട്. അതിൽ കേസ് രജിസ്റ്റർ ചെയ്യാം. നടപടികളിൽ തിടുക്കം കാട്ടരുത്. ഇതുമായി ബന്ധപ്പെട്ട് മാധ്യമവിചാരണ പാടില്ല. രണ്ടാഴ്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കുമ്പോൾ എന്തൊക്കെ നടപടികളാണു സ്വീകരിച്ചതെന്ന് വ്യക്തമാക്കി എസ്ഐടിയും സർക്കാരും റിപ്പോർട്ട് സമർപ്പിക്കണം. കേരള സമൂഹത്തിൽ പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകളുണ്ടെന്നും സിനിമയിൽ മാത്രമല്ല, കേരള സമൂഹത്തിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടികൾ ഉണ്ടാവണെമെന്നും ഹൈക്കോടതി നിർ​ദേശിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe