വടകര ആർഎംഎസ് റെയിൽവേ സ്റ്റേഷനിൽ തന്നെ നില നിർത്തും: ആർ എം എസ് സംരക്ഷണ സമിതി

news image
Aug 23, 2024, 4:01 pm GMT+0000 payyolionline.in

വടകര : റെയിൽവേ സ്റ്റേഷൻ വികസനം നടക്കുമ്പോൾ ഒഴിഞ്ഞു കൊടുക്കൽ ഭീഷണി നേരിടുന്ന കേന്ദ്ര സർക്കാർ സ്ഥാപനമായ വടകര ആർ എം എസ് ഓഫീസ് സംരക്ഷിക്കുമെന്ന് വടകര ആർ എം എസ് സംരക്ഷണ സമിതി പ്രഖ്യാപിച്ചു. വടകര മുൻസിപ്പൽ പാർക്ക്‌ ഹാളിൽ ചേർന്ന സംരക്ഷണ സമിതി രൂപീകരണ യോഗത്തിൽ വിവിധ തൊഴിലാളി സംഘടന പ്രതിനിധികൾ, വർഗ്ഗ ബഹുജന സംഘടന പ്രതിനിതികൾ, തപാൽ ആർ ആർ എം എസ് ജീവനക്കാർ എന്നിവർ പങ്കെടുത്തു.

വടകര മുനിസിപ്പാലിറ്റി 9 ആം വാർഡ് കൗൺസിലർ ശ്രീമതി എ പ്രേമകുമാരി അധ്യക്ഷത വഹിച്ചയോഗത്തിൽ എൻ ഇ പി ഇ ആർ 3 യൂണിയൻ സർക്കിൾ സെക്രട്ടറി നൈസാം ജെ , ബി പി ഇ എഫ് 3 ഡിവിഷണൽ സെക്രട്ടറി സുനിൽകുമാർ പി കെ എന്നിവർ വിഷയം അവതരിപ്പിച്ചു.

ഐ എൻ ടി യു സി ജില്ലാ സെക്രട്ടറി രഞ്ജിത്ത് കണ്ണോത്തിനെ ചെയർമാൻ ആയും സി ഐ ടി യു വടകര ഏരിയ സെക്രട്ടറി വി കെ വിനുവിനെ കൺവീനർ ആയും തെരഞ്ഞെടുത്തു.
മറ്റു സംഘടന പ്രതിനിധികളെയും ഉൾപ്പെടുത്തി 60 അംഗ കമ്മിറ്റീ രൂപീകരിച്ചു.

അമൃത് ഭാരത് പദ്ധതി പ്രകാരം വടകര റെയിൽവേ സ്റ്റേഷനിൽ വികസന പ്രവർത്തനങ്ങൾ നടക്കുമ്പോൾ 40 വർഷത്തോളമായി റെയിൽ വേ സ്റ്റേഷൻ പരിസരത്ത് സ്ഥിതി ചെയ്യുന്ന തപാൽ വകുപ്പിന് കീഴിലുള്ള ആർ എം എസ് ഓഫീസ് ഒഴിഞ്ഞു കൊടുക്കണം എന്നാണ് പാലക്കാട്‌ ഡിവിഷൻ അധികാരികൾ അറിയിച്ചത്.

വാടക കുടിശിക നൽകാത്തതാണ് കെട്ടിടം ഒഴിപ്പിക്കാനുള്ള പ്രധാനപെട്ട കാരണമായി റെയിൽവേ പറയുന്നത്. എന്നാൽ വികസന പ്രവർത്തങ്ങൾ നടക്കുന്ന മറ്റ് റെയിൽവേ സ്റ്റേഷനുകളിൽ സമാനമായ വാടക കുടിശിക പ്രശ്നം നിലനിൽക്കേ തന്നെ ആർ എം എസ് ഓഫീസിന് പുതിയ കെട്ടിടം അനുവദിക്കാനും റെയിൽവേ തയ്യാറായിട്ടുണ്ട്.

ആർഎം എസ്സിന്റെ സുഗമമായ പ്രവർത്തനത്തിനും തപാൽ ഉരുപ്പടികളുടെ വേഗത്തിലുള്ള കൈമാറ്റങ്ങൾക്കും ആർഎംഎസ് ഓഫീസ് ഓഫീസ് റെയിൽവേ സ്റ്റേഷനിൽ തന്നെ നിലനിർത്തേണ്ടത് അത്യാവശ്യമാണെന്നും അതിന് ആവശ്യമായ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകും എന്നും യോഗം തീരുമാനിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe