തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടരുതെന്ന നിലപാടില്ലെന്ന് നടി രഞ്ജിനി. താൻ റിപ്പോർട്ട് പുറത്തുവിടരുതെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടില്ല. കോടതിയെ മാത്രമാണ് സമീപിച്ചത്. അതിന് തനിക്ക് നിയമപരമായ അവകാശമുണ്ട്. എൻ്റെ വാദം കൂടി കേട്ട ശേഷം റിപ്പോർട്ട് പുറത്തുവിടുന്നതിൽ തീരുമാനമെടുക്കുന്നത് സർക്കാർ ചെയ്യുന്ന നല്ല കാര്യമാണ്. അതിലൊരു തെറ്റുമില്ലെന്നും അവർ പറഞ്ഞു.
ഡബ്ല്യുസിസിയാണ് ഹേമ കമ്മിറ്റി രൂപീകരിക്കാനുള്ള കാരണം. കേരളത്തിലാണ് ഇത് രാജ്യത്ത് ആദ്യമായി ഒരു കമ്മീഷനെ വെച്ചത്. അതിൽ സർക്കാരിനെയും മുഖ്യമന്ത്രിയെയും താൻ അഭിനന്ദിക്കുന്നു. എന്നാൽ റിപ്പോർട്ടിൻ്റെ ഒരു കോപ്പി തങ്ങളുടെ കൈയ്യിലില്ല. ഡബ്ല്യുസിസിയും വനിതാ കമ്മീഷനും ഇതിൻ്റെ കോപ്പി ചോദിക്കുമെന്ന് കരുതി. എന്നാൽ ആരും അക്കാര്യം ആവശ്യപ്പെട്ടില്ല. അത് അറിഞ്ഞപ്പോഴാണ് താൻ കോടതിയെ സമീപിച്ചതെന്നും അവർ പറഞ്ഞു.
റിപ്പോർട്ടിൻ്റെ പകർപ്പ് തങ്ങൾക്ക് തരുമെന്നാണ് കരുതിയത്. താൻ ഡബ്ല്യുസിസിയുടെ ഭാഗമാണ്. താൻ ഒറ്റയ്ക്കല്ല ഡബ്ല്യുസിസിയാണ് ഇക്കാര്യം ചോദിക്കേണ്ടത്. എന്നാൽ അതുണ്ടായില്ല. വനിതാ കമ്മീഷനും ഡബ്ല്യുസിസിയും ഇത് പുറത്തുവിടണമെന്നാണ് ആവശ്യപ്പെട്ടത്. റിപ്പോർട്ട് തങ്ങൾക്ക് ആദ്യം നൽകണമെന്ന് ഇവർ ആവശ്യപ്പെട്ടില്ല. റിപ്പോർട്ട് ലഭിക്കുകയെന്ന കാര്യം തൻ്റെ മൗലികവകാശമാണ്. താനും അഭിഭാഷകയാണ്. താൻ ഇതിൽ നേരിട്ട് കക്ഷിയാണ്. തനിക്ക് നീതി ലഭിക്കേണ്ടതുണ്ടെന്നും അവർ പറഞ്ഞു.