ഗുരുവായൂരിലേക്ക് പോകുന്ന കാർ, ഉള്ളിൽ 2 യുവാക്കൾ; തടഞ്ഞ് പൊലീസ്, കിട്ടിയത് 2 കിലോ ഹാഷിഷ് ഓയിലും എംഡിഎംഎയും

news image
Aug 9, 2024, 12:12 pm GMT+0000 payyolionline.in

കുന്നംകുളം: തൃശ്ശൂർ കുന്നംകുളം ചൊവ്വന്നൂരിൽ വൻ ലഹരി വേട്ട. കാറിൽ കടത്തുകയായിരുന്ന 2 കിലോ ഹാശിഷ് ഓയിലും 65 ഗ്രാം എംഡി എംഎയുമായി ഗുരുവായൂർ സ്വദേശികൾ പൊലീസിന്‍റെ പിടിയിൽ. ഗുരുവായൂർ താമരയൂർ സ്വദേശി കുട്ടിയേരിൽ വീട്ടിൽ 31 വയസ്സുള്ള നിതീഷ്, പേരകം കാവീട് സ്വദേശി മുസ്ലിം വീട്ടിൽ 21 വയസ്സുള്ള അൻസിൽ എന്നിവരെയാണ് മാരക മയക്കുമരുന്നുകളുമായി അറസ്റ്റ് ചെയ്തത്. കുന്നംകുളം പൊലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.

ബെംഗളൂരുവിൽ നിന്ന് ഗുരുവായൂരിലേക്ക് വിൽപ്പനക്ക് കൊണ്ടുവരികയായിരുന്നു മയക്കുമരുന്നെന്ന് പൊലീസ് പറഞ്ഞു. ജില്ലാ പൊലീസ് മേധാവി ഇളങ്കോക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ ചൊവ്വന്നൂരിൽ നിന്നുംപിടിയിലായത്.  ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശത്തെ തുടർന്ന് എരുമപ്പെട്ടി ഭാഗത്തുനിന്നും കുന്നംകുളം ഭാഗത്തേക്ക് പോവുകയായിരുന്ന കാർ പൊലീസ് ചൊവ്വന്നൂരിൽ തടഞ്ഞുനിർത്തുകയായിരുന്നു.

വാഹനം തടഞ്ഞ് പരിശോധിച്ചപ്പോഴാണ് ലഹരി വസ്തുക്കൾ കണ്ടെത്തിയത്. തുടർന്ന് പ്രതികളെ പിടികൂടുകയായിരുന്നു. ലഹരി കടത്താനുപയോഗിച്ച വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. കുന്നംകുളം സബ് ഇൻസ്പെക്ടർമാരായ സുകുമാരൻ, വർഗീസ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. കുന്നംകുളം തഹസിൽദാർ ഒബി ഹേമയും  സംഭവസ്ഥലത്ത് എത്തിയിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe