വടകര : വടകര ബ്ലോക്ക് പഞ്ചായത്ത് എൻജിനീയറിങ് വിഭാഗം തടസ്സവാദം ഉന്നയിച്ചതിനെ തുടർന്ന് അഴിയൂർ ഗ്രാമപഞ്ചായത്തിലെ കോടികളുടെ വികസന പദ്ധതി ചുവപ്പുനാടയിൽ കുടുങ്ങി. ജില്ലാ പഞ്ചായത്ത് അഴിയൂർ ഗ്രാമപഞ്ചായത്തിലെ ചോമ്പാൽ മിനിസ്റ്റേഡിയത്തിന്റെ വികസനത്തിന് 30 ലക്ഷവും, വയോജന കേന്ദ്രത്തിന് 30 ലക്ഷവും, പള്ളി വളപ്പിൽ ഡ്രൈനേജ് ഫുട്പാത്തിനും, കൊളരാട് തെരു മുക്കാളി റോഡിന് 25 ലക്ഷവും വിതം ഫണ്ട് അഴിയൂർ ഡിവിഷൻ ജില്ലാ പഞ്ചായത്ത് മെമ്പറുടെ ശ്രമഫലമായി അനുവദിച്ചിരുന്നു.
ഇതിന്റെ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് ഇടയിൽ എൻജിനീയറിങ് വിഭാഗം സ്റ്റേഡിയത്തിന് ഉടമസ്ഥത തർക്കം ഉണ്ടെന്നും വയോജന കേന്ദ്രത്തിന് സ്ഥലമില്ലെന്നും പള്ളി വളപ്പിൽ ഡ്രൈനേജ്, കൊളരാട് തെരു മുക്കാളി റോഡ് നിലവിൽ പ്രോജക്റ്റിൽ പറഞ്ഞതിന് വിരുദ്ധമാണെന്നും പറഞ്ഞ് അനുമതി നിഷേധിക്കുകയായിരുന്നു. എന്നാൽ ഇത് ശരിയല്ലെന്ന് ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ പറഞ്ഞു സ്റ്റേഡിയത്തിൽ നിലവിൽ എംഎൽഎ ഫണ്ടിൽ പ്രവൃത്തി പുതിയതായി നടക്കുന്നതായി അംഗങ്ങൾ വ്യക്തമാക്കി . വികസന പദ്ധതി മുടക്കിയ എൻജിനീയറിങ് വിഭാഗത്തിനെതിരെ ഭരണ പ്രതിപക്ഷ അംഗങ്ങൾ ഭരണസമിതി യോഗത്തിൽ രംഗത്തുവന്നു എന്നാൽ പദ്ധതി എസ്റ്റിമേറ്റിൽ സാങ്കേതിക പ്രശ്നങ്ങൾ അറിയിച്ചത് അല്ലാതെ തടസ്സവാദം ഉന്നയിച്ചിട്ടില്ലെന്ന് ബ്ലോക്ക് പഞ്ചായത്ത് എൻജിനീയറിങ് വിഭാഗം പറഞ്ഞു. എഞ്ചിനിയറിംഗ് വിഭാഗത്തിന്റെ അനാസ്ഥയാണ് വികസനപദ്ധതികൾ പിന്നിലെന്ന് ജില്ലാ പഞ്ചായത്ത് അംഗം നിഷ പുത്തൻ പുരയിൽ ആരോപിച്ചു