മൂടാടി: മൂടാടി ഗ്രാമപഞ്ചായത്തിലെ ജൈവ വൈവിധ്യ രജിസ്റ്റർ പുതുക്കുന്നതിൻ്റെ ഭാഗമായി നടക്കുന്ന സർവ്വെ തുടങ്ങി. ചിങ്ങപുരത്ത് നടന്ന സർവ്വെയിൽ ഇരുപതോളം പേർ പങ്കെടുത്തു.
മുക്കുറ്റി, കാട്ടു കുരുമുളക്, പർപ്പടം, ബ്രഹ്മി, പൂവ്വാം കുറുന്തൽ, കാട്ട് ചെറുകിഴങ്ങ്, മേന്തോനി, ഓര്, നരന്ത് വള്ളി, കൊട്ടക്ക, വിവിധയിനം തുളസികൾ തുടങ്ങി സാധാരണ വീട്ടുപറമ്പുകളിൽ കാണാത്ത നിരവധി അപൂർവ്വ സസ്യജാലങ്ങളെ കണ്ടത്താൻ കഴിഞ്ഞു. പഞ്ചായത്തിലെ ജൈവവൈവിധ്യ രജിസ്റ്റർ പുതുക്കുന്നതിൻ്റെ ഭാഗമായിട്ടാണ് ഇപ്പോൾ സർവ്വെ നടക്കുന്നത്.
പുരപ്പുറത്തും വീട്ടുമുറ്റത്തും വീഴുന്ന മഴവെള്ളം മണ്ണിലേക്കിറക്കി കിണർ എങ്ങനെ റീച്ചാർജ്ജ് ചെയ്യാം എന്നതിൻ്റെ നല്ല ഉദാഹരണങ്ങളും അവിടെ ഒരു വീട്ടിൽ കാണാൻ കഴിഞ്ഞു. സമൃദ്ധമായ രീതിയിൽ എപ്പോഴും കിണർ വെള്ളം ലഭ്യമാക്കുന്ന ഈ രീതി വലിയ ചിലവില്ലാതെ എവിടെയും എളുപ്പം നടപ്പിലാക്കാവുന്നതാണ്.
പഞ്ചായത്തംഗങ്ങളായ വി.കെ രവിന്ദ്രൻ, ടി.എം രജുല, എ.വി ഉസ്മ എന്നിവർ നേതൃത്വം നൽകിയ സർവ്വെയിൽ രവീന്ദ്രൻ വി.കെ, മോളി, ഭവാനി, അതുല്യ, ധന്യ, അമൃത, അമയ, ശിൽപ, ബബിത, രവീന്ദ്രൻ ടി.കെ, ബാലകൃഷ്ണൻ നായർ, ഗോപാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു. പഞ്ചായത്തിൻ്റെ വിവിധ മേഖലകളിലായി കൃഷി സ്ഥലങ്ങളിലും, വീട്ടുപറമ്പുകളിലും, കാവുകളിലും തീരപ്രദേശങ്ങളിലുമൊക്കെയായി സർവ്വെ തുടർന്നുകൊണ്ടിരിക്കുകയാണ്.