വടകര : മീത്തലെ മുക്കാളിക്ക് പിന്നാലെ മടപ്പള്ളി മാച്ചിനാരി കുന്നില്‍ ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി പണിത കൂറ്റൻ സംരക്ഷണ ഭിത്തി തകർന്നു. ഒഴിവായത് വൻ ദുരന്തം. ഭിത്തി നിർമ്മാണത്തിന്റെ ഭാഗമായി പണിത സംരക്ഷണ കോൺക്രീറ്റ് ഭിത്തിയും മണ്ണും താഴെക്ക് പതിച്ചു. ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ദേശീയപാതയിൽ കോൺക്രീറ്റ് ഭിത്തിക്ക് താഴെയാണ് പാത സ്ഥിതി ചെയ്യുന്നത്. മുകളിൽ ചെറിയ റോഡും ഇതിന് തൊട്ട് വീടുകളുമുണ്ട്. കനത്ത മഴയെ തുടർന്നാണ് ഭിത്തി തകർന്നത്.
ഇത് വീടുകൾക്ക് ഭിഷണിയുയർത്തുന്നുണ്ട്. മീത്തലെ മുക്കാളിയില്‍ രണ്ടാഴ്ച മുമ്പുണ്ടായതിനു സമാനമായ സംഭവമാണ് മടപ്പള്ളിയിലും. ടാര്‍ റോഡില്‍ നിന്ന് അല്‍പം അകലെയായതിനാല്‍ വാഹന ഗതാഗതത്തെ ബാധിച്ചിട്ടില്ല. നാട്ടുകാര്‍ അതീവ ജാഗ്രതയിലാണ്. ഇവിടെ ഉയര്‍ച്ചയുള്ള ഭാഗമാകെ അപകടഭീഷണിയിലാണ്. സംരക്ഷണ ഭിത്തി തകർന്ന മാച്ചിനാരി കുന്നില്‍ ഷാഫി പറമ്പിൽ എം പി സന്ദർശനം നടത്തി. പ്രശ്നത്തിന്റെ ഗൗരവം നേരത്തെ വകുപ്പ് മന്ത്രി നിധിൻ ഗഡ്കരിയെ അറിയിക്കും. ഇതുമായി ബന്ധപ്പെട്ട് ഉന്നതതല യോഗം വിളിക്കാൻ ദേശീയപാത അതോറിറ്റിയോട് ആവശ്യപ്പെട്ടതായും ഷാഫി പറഞ്ഞു. അദ്ദേഹത്തോടൊപ്പം പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജിത്ത്, മെമ്പർ.രഞ്ജിത്ത് എം. വി, യുഡിഎഫ് വടകര നിയോജകമണ്ഡലം ചെയർമാൻ കോട്ടയിൽ രാധാകൃഷ്ണൻ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സുബിൻ മടപ്പള്ളി, , വള്ളിൽ മുഹമ്മദ്, എന്നിവരും ഉണ്ടായിരുന്നു. മുൻ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ താലൂക്ക് വികസന സമിതി അംഗം പ്രദീപ് ചോമ്പാല, സി പി എം ഒഞ്ചിയം ഏരിയ സിക്രട്ടറി ടി പി ബിനീഷ്, ഐ എൻ എൽ വടകര മണ്ഡലം വൈസ് പ്രസിഡണ്ട് മുബാസ് കല്ലേരി എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു.