തിരുവനന്തപുരം: കാലവർഷം 24 മണിക്കൂറിനകം കേരളത്തിൽ എത്തും. കാലാവസ്ഥ വകുപ്പാണ് ഇതു സംബന്ധിച്ച സൂചന നൽകിയത്. കാലവർഷം എത്തുന്നതിന് സാഹചര്യങ്ങൾ അനുകൂലമായെന്ന് കാലാവസ്ഥ വകുപ്പ് അറിയിപ്പിൽ വ്യക്തമാക്കി. രണ്ടാഴ്ചയിലേറെയായി സംസ്ഥാനത്ത് മഴ തകർത്ത് പെയ്യുമ്പോഴും തെക്കു പടിഞ്ഞാറൻ കാലവർഷം എത്തിയെന്ന പ്രഖ്യാപനം നീളുന്നതെന്തുകൊണ്ടാണെന്നുള്ള ആകാംക്ഷ ഉയർന്നിരുന്നു. പിന്നാലെയാണ് കാലവർഷം മണിക്കൂറുകള്‍ക്കുള്ളിൽ എത്തുമെന്ന അറിയിപ്പ് കാലാവസ്ഥ വകുപ്പ് പുറത്തിറക്കിയത്.
കേരളത്തിലും കർണാടകയിലും ലക്ഷദ്വീപിലുമായി തുടർച്ചയായി 2 ദിവസം 2.5 മില്ലിമീറ്ററോ അതിൽ കൂടുതലോ മഴ, അറബിക്കടലിലെ പടിഞ്ഞാറൻ കാറ്റിന്റെ ശക്തിയുടെ തോത്, ഭൂമിയിൽ നിന്ന് ഉയരത്തിലേക്കു പോകുന്ന ചൂടിന്റെ വികരണത്തിന്റെ തോത് കുറഞ്ഞിരിക്കുക എന്നീ ഘടകങ്ങൾ ഒത്തുവരുമ്പോഴാണ് കാലവർഷം എത്തിയെന്ന പ്രഖ്യാപനം വരുന്നത്. ഇത്തവണ മേയ് 31നു കാലവർഷം എത്തുമെന്നാണ് കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരുന്നത്. കഴിഞ്ഞ വർഷം ജൂൺ എട്ടിനായിരുന്നു കാലവർഷത്തിന്റെ വരവ്. കഴിഞ്ഞ 5 വർഷത്തിനിടെ 2022ലാണ് കാലവർഷം മേയിൽ എത്തിയത്. അന്ന് മേയ് 29നാണ് മൺസൂൺ എത്തിയതായി കാലാവസ്ഥ വകുപ്പ് സ്ഥിരീകരിച്ചത്.