കൊച്ചി: എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ ഇന്ന് വിളിക്കുന്ന ഭാഷയിൽ തന്നെയാണ് പെൺകുട്ടികളെ അടക്കം പി. രാജീവ് വിളിച്ചിരുന്നതെന്ന് കോൺഗ്രസ് നേതാവ് ദീപ്തി മേരി വർഗീസ്. ആർഷോയെക്കാൾ ഭീകരതയായിരുന്നു മഹാരാജാസ് കോളജിൽ പി. രാജീവ് സൃഷ്ടിച്ചിരുന്നതെന്നും ദീപ്തി വ്യക്തമാക്കി.
വ്യവസായ മന്ത്രിയായ ശേഷം മാത്രമല്ല പി. രാജീവിനെ തനിക്ക് പരിചയമുള്ളത്. 1989കളിൽ മഹാരാജാസ് കോളജിൽ രാജീവ് വന്നിരുന്നത് മന്ത്രിയായിട്ടല്ല. മഹാരാജാസിൽ പഠിക്കാത്ത ഡി.വൈ.എഫ്.ഐക്കാരാനായ രാജീവ് എന്തിനാണ് കോളജിലെ ഇടിമുറിയിൽ വന്നിരുന്നതെന്നും യൂണിയൻ ഓഫീസിൽ വന്നിരുന്നതെന്നും അന്ന് യൂണിറ്റ് പ്രസിഡന്‍റായ തനിക്കറിയാം.
തെരഞ്ഞെടുപ്പിന് ശേഷം താനടക്കമുള്ള പെൺകുട്ടികളെ അക്രമിക്കുന്നതിനും മർദിക്കുന്നതിനും എസ്.എഫ്.ഐക്ക് നേതൃത്വം കൊടുത്തത് പി. രാജീവാണ്. സിദ്ധാർഥുമാരെ എങ്ങനെ സൃഷ്ടിക്കണമെന്ന് ക്ലാസ് എടുത്തിരുന്നതും അദ്ദേഹമായിരുന്നു. രാജീവ് മന്ത്രിയായി വളർന്നതിന്‍റെ ചരിത്രമൊന്നും തന്നെ കൊണ്ട് പറയിപ്പിക്കരുത്. മന്ത്രിയായ ശേഷം അച്ചടിഭാഷയിൽ സംസാരിക്കുന്ന രാജീവ്, ഇന്ന് ആർഷോ വിളിക്കുന്ന ഭാഷയിൽ തന്നെയാണ് അന്ന് പെൺകുട്ടികളെ അടക്കം വിളിച്ചിരുന്നത്.
തന്‍റെ ക്രെഡിബിലിറ്റി തെളിയിക്കാൻ പി. രാജീവിന്‍റെ സർട്ടിഫിക്കറ്റ് വേണ്ട. രാജീവ് വെറും ഡമ്മി മന്ത്രിയാണ്. സി.പി.എമ്മിൽ എന്താണ് നടക്കുന്നതെന്ന് അറിയില്ലാത്തതിന് തെളിവാണ് ഇ.പി. ജയരാജൻ സംസാരിച്ചതിനെ കുറിച്ച് രാജീവിന് അറിവില്ലാത്തത്. തൃക്കാക്കരയിലെ ഉപതെരഞ്ഞെടുപ്പിൽ രാജീവിന്‍റെ സമുദായത്തിൽപ്പെട്ട ഒരു സ്ഥാനാർഥിയെ മതിലെഴുതിയ ശേഷം ഒഴിവാക്കാനായി അവതരിപ്പിച്ച സ്ഥാനാർഥിയാണ് ആർക്കുമറിയാത്ത ഡോ. ജോ.
രാജീവിന്‍റെ രാഷ്ട്രീയമോ താൽപര്യമോ ആയിരിക്കില്ല സി.പി.എം നേതൃത്വത്തിന്‍റെയും ഇ.പി. ജയരാജന്‍റെയും ആലോചന. അത്രയും വിലയെ രാജീവിന് സി.പി.എം നേതൃത്വം കൊടുത്തിട്ടുള്ളൂ. പിണറായി വിജയനോ അദ്ദേഹത്തിന്‍റെ മരുമകൻ മന്ത്രിയോ പറയുന്നത് അനുസരിക്കാനുള്ള ഡമ്മി മന്ത്രി മാത്രമാണ് പി. രാജീവ് എന്നും ദീപ്തി മേരി വർഗീസ് മാധ്യമങ്ങളോട് വ്യക്തമാക്കി.