ലോകത്തെ ഏറ്റവും ശക്തമായ കറൻസി കുവൈത്ത് ദിനാർ; ബഹ്റൈൻ രണ്ടാംസ്ഥാനത്ത്

news image
Jan 17, 2024, 1:53 pm GMT+0000 payyolionline.in

ആഗോളവ്യാപാരത്തിന്റെ ജീവവായുവാണ് കറൻസി. അത് ഒരു രാജ്യത്തിന്റെ സാമ്പത്തികാവസ്ഥയെയും പ്രതിഫലിപ്പിക്കുന്നു. മാത്രമല്ല, ഒരു രാജ്യത്തിന്റെ സ്ഥിരതയുടെയും സാമ്പത്തിക ആരോഗ്യത്തിന്റെയും നേർരേഖ കൂടിയാണ് കറൻസി. കറൻസിയുടെ മൂല്യം വർധിക്കുന്നതനുസരിച്ച് ആ രാജ്യത്തെ സമ്പദ്‍വ്യവസ്ഥയിലും അത് പ്രതിഫലിക്കുന്നു. കൂടുതൽ നിക്ഷേപങ്ങൾ ആകർഷിക്കാനും അന്താരാഷ്ട്ര പങ്കാളിത്തം വർധിപ്പിക്കാനും സഹായകമാകുന്നു.

ലോകവ്യാപകമായി 180 കറൻസികളാണ് നിയമപരമായ ടെൻഡറായി യു.എൻ അംഗീകരിച്ചിട്ടുള്ളത്. ചില കറൻസികൾക്ക് ജനപ്രീതി കൂടുതലാണ്. വ്യാപകമായി ഉപയോഗിക്കുന്നവയുമാണ്. പണപ്പെരുപ്പം മുതൽ ഭൗമ രാഷ്ട്രീയ സ്ഥിരത വരെയുള്ള കാര്യങ്ങൾ കറൻസിയെ സ്വാധീനിക്കുന്നു.

കരുത്തുറ്റ കറൻസി ഒരു രാജ്യത്തിന്റെ വാങ്ങൽ ശേഷി വർധിപ്പിക്കുക മാത്രമല്ല, ലോക വേദിയിൽ അതിന്റെ വിശ്വാസ്യതക്ക് അടിവരയിടുകയും ചെയ്യുന്നു. സ്ഥിരതയുള്ള കറൻസിലാണ് നിക്ഷേപകർ ഉറച്ചുനിൽക്കുക. ലോകത്തെ ഏറ്റവും ശക്തമായ 10 കറൻസികളുടെ പട്ടിക പുറത്തുവിട്ടിരിക്കുകയാണ് ഫോബ്സ്.

കുവൈത്ത് ദിനാർ ആണ് പട്ടികയിൽ ഒന്നാംസ്ഥാനത്ത്. 270.23 രൂപക്കും, 3.25 ഡോളറിനും തുല്യമാണ് ഒരു കുവൈറ്റ് ദിനാർ. ബഹ്റൈൻ ആണ് പട്ടികയിൽ രണ്ടാംസ്ഥാനത്ത്. 220.4 രൂപക്കും 2.65 ഡോളറിനും തുല്യമാണ് ഒരു ബഹ്റൈൻ ദിനാർ.

ഒമാൻ റിയാൽ (215.84 രൂപ, 2.60 ഡോളർ), ജോർഡാനിയൻ ദിനാർ (117.10 രൂപ, 1.141 ഡോളർ), ജിബ്രാൾട്ടർ പൗണ്ട് (105.52 രൂപ, 1.27 ഡോളർ), ബ്രിട്ടീഷ് പൗണ്ട് (105.54 രൂപ, 1.27ഡോളർ ), കായ് മാൻ ഐലൻഡ് (99.76 രൂപ, 1.20 ഡോളർ), സ്വിസ് ഫ്രാങ്ക് (97.54 രൂപ, 1.17ഡോളർ), യൂറോ (90.80 രൂപ, 1.09 ഡോളർ). എന്നിങ്ങനെയാണ് പട്ടിക.

യു.എസ് ഡോളറാണ് പട്ടികയിൽ അവസാന സ്ഥാനത്തുള്ളത്. ഒരു യു.എസ് ഡോളർ എന്നാൽ 83.10 രൂപയാണ്. ആഗോളതലത്തിൽ ഏറ്റവുമധികം വ്യാപാരം നടക്കുന്ന കറൻസി യു.എസ് ഡോളറാണെന്നും പ്രാഥമിക കരുതൽ കറൻസി എന്ന സ്ഥാനം വഹിക്കുന്നുണ്ടെന്നും റാങ്കിങ് വിശദീകരിച്ചുകൊണ്ട് ഫോർബ്സ് പറഞ്ഞു. അതേ സമയം, ജനപ്രീതി ഉണ്ടായിട്ടും ലോകത്തിലെ ഏറ്റവും ശക്തമായ കറൻസികളിൽ യു.എസ് ഡോളർ പത്താം സ്ഥാനത്താണ്.

ഇന്റർനാഷനൽ മോണിറ്ററി ഫണ്ടിന്റെ (ഐ.എം.എഫ്) വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച പട്ടികയിൽ ഇന്ത്യ 15ാം സ്ഥാനത്താണ്. സ്വിറ്റ്സർലൻഡിന്റെയും ലിച്ചെൻസ്റ്റീന്റെയും കറൻസിയായ സ്വിസ് ഫ്രാങ്ക് ലോകത്തിലെ ഏറ്റവും സ്ഥിരതയുള്ള കറൻസിയായി കണക്കാക്കുന്നു. 2024 ജനുവരി 10 വരെയുള്ള കറൻസി മൂല്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ പട്ടിക.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe