പയ്യോളി ഹൈസ്കൂൾ പിടിഎ തിരഞ്ഞെടുപ്പിൽ യുഡിഎഫ് പാനലിന് വിജയം: സബീഷ് കുന്നങ്ങോത്ത് പ്രസിഡന്റ്‌, മൊയ്തീൻ പെരിങ്ങാട്ട് വൈസ് പ്രസിഡണ്ട്

news image
Oct 21, 2023, 10:07 am GMT+0000 payyolionline.in

പയ്യോളി: തിക്കോടിയൻ സ്മാരക ഗവൺമെന്റ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ പയ്യോളിയുടെ പിടിഎ തിരഞ്ഞെടുപ്പിൽ യുഡിഎഫ് പാനലിന് വിജയം. സബീഷ് കുന്നങ്ങോത്ത് പിടിഎ പ്രസിഡണ്ടായും തുറയൂരിൽ നിന്നുള്ള മൊയ്തീൻ പെരിങ്ങാട്ട് വൈസ് പ്രസിഡന്റുമായി തിരഞ്ഞെടുക്കപ്പെട്ടു. എക്സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് കെ.കെ അന്‍സില, ബിജില മനോജ്, ലിഷ കൈനോത്ത്, എംപി റുഖിയ, കെ.കെ. സമീറ, തെന്‍സീറ സമീര്‍, ഇ.കെ.ബിജു, രാജേഷ് കളരിയുള്ളതില്‍, റസാഖ് കാട്ടില്‍ എന്നിവരും വിജയിച്ചു. ഹയർസെക്കൻഡറി വിഭാഗത്തുനിന്ന് മൂന്നുപേർ ഹൈസ്കൂൾ വിഭാഗത്തിന് 6, വിഎച്ച്എസ്ഇക്ക് 2 എന്നിങ്ങനെ ആകെ 11 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ഇതിൽ മുഴുവൻ സീറ്റിലും യുഡിഎഫ് പാനലിൽ ഉൾപ്പെട്ടവർ വിജയിച്ചു.

 

 

കഴിഞ്ഞവർഷം സമവായത്തിലൂടെ സിപിഎം പ്രതിനിധി പ്രസിഡണ്ടും കോൺഗ്രസ് പ്രതിനിധി വൈസ് പ്രസിഡണ്ടുമായി തിരഞ്ഞെടുപ്പ് നടപടികള്‍  ഒഴിവാക്കുകയായിരുന്നു. എന്നാൽ ഈ വര്‍ഷം വീട് സന്ദർശനം ഉൾപ്പെടെ പൊതു തെരഞ്ഞെടുപ്പിന്റെ വീറും വാശിയും അവസാനം വരെ ഉണ്ടായിരുന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫ് പാനല്‍ ഉജ്ജ്വല വിജയം നേടുകയായിരുന്നു. പ്രിന്‍സിപ്പല്‍ മോഹനൻ പഞ്ചേരി തിരഞ്ഞെടുപ്പ് നടപടികള്‍ നിയന്ത്രിച്ചു.

 

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe