കൊയിലാണ്ടി: നിപ രോഗം റിപ്പോർട്ട് ചെയ്യുകയും പല സ്ഥലങ്ങളും കണ്ടയ്മെൻറ് സോൺ പ്രഖ്യാപിക്കുകയും ചെയ്ത കൊയിലാണ്ടി നഗരത്തിലും തിരക്കൊഴിഞ്ഞു. സാധാരണയായി ഏതു സമയവും ഗതാഗതകുരുക്കനുഭവപ്പെട്ടിരുന്ന കൊയിലാണ്ടിയിൽ ഇപ്പോൾ കുരുക്കില്ലാതായി . ദിവസേനെ രണ്ടായിരത്തോളം രോഗികളെത്തിയിരുന്ന താലൂക്ക് ആശുപത്രിയിൽ നിപ നിയന്ത്രണം വന്നതോടെ തിരക്ക് കുറഞ്ഞു.
കഴിഞ്ഞ ദിവസം 900 പേർ എത്തിയെങ്കിൽ വെള്ളിയാഴ്ച കാഷ്വാലിറ്റിയിലും ഒ.പിയിലുമായി 500 ലധികം പേർ മാത്രമെ എത്തിയുള്ളൂ. ആശുപത്രി വാർഡുകളിലെക്ക് സന്ദർശകർക്ക് പ്രവേശനം അനുവദിക്കുന്നില്ല. മാസ്ക് നിർബന്ധമാക്കിയിട്ടുണ്ട്. സ്വകാര്യ ബസ്സുകളിൽ യാത്രക്കാരുടെ കുറവ് അനുഭവപ്പെട്ടു. ഇത് വരുമാനത്തെ ബാധിച്ചിരിക്കുകയാണ്. കൊയിലാണ്ടി ബസ് സ്റ്റാൻ്റിലും തിരക്കൊഴിഞ്ഞ അവസ്ഥയിലാണ്. ജനം സ്വയം നിയന്ത്രണങ്ങളുമായി സഹകരിക്കാൻ തയ്യാറായി. എന്നാൽ നിശ്ചയിച്ച വിവാഹങ്ങൾ മുറപോലെ നടക്കുന്നുണ്ട്. ഇവിടെ വൻതോതിൽ ജനക്കൂട്ടവും പങ്കെടുക്കാൻ എത്തുന്നുണ്ട്.