കോടതിവളപ്പിൽ മുദ്രാവാക്യം വിളിച്ച് ഗ്രോ വാസു; ഏഴാം സാക്ഷി കൂറുമാറി, വിചാരണ നീട്ടി

news image
Sep 4, 2023, 9:54 am GMT+0000 payyolionline.in

കോഴിക്കോട്: മുന്‍മാവോവാദി നേതാവും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഗ്രോ വാസുവിന്റെ വിചാരണ സെപ്റ്റംബര്‍ 12- ലേക്ക് നീട്ടി. കേസിലെ നാലാം സാക്ഷിയെ വീണ്ടും വിസ്തരിക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് കുന്നമംഗലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വിചാരണ മാറ്റിയത്.നിലമ്പൂരില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോവാദികളുടെ മൃതദേഹങ്ങള്‍ സൂക്ഷിച്ച മോര്‍ച്ചറിക്ക് മുമ്പില്‍ സംഘം ചേരുകയും മാര്‍ഗതടസ്സം സൃഷ്ടിക്കുകയും ചെയ്ത കേസില്‍ സമന്‍സ് അയച്ചിട്ടും ഹാജരാകാത്തതിനാലാണ് ഗ്രോ വാസു അറസ്റ്റിലായതും പിന്നീട് റിമാന്‍ഡിലായതും.

കനത്തസുരക്ഷയിലായിരുന്നു ഗ്രോ വാസുവിനെ തിങ്കളാഴ്ച കോടതിയില്‍ കൊണ്ടുവന്നതും തിരികെ കൊണ്ടുപോയതും. ഇങ്ക്വിലാബ് സിന്ദാബാദ്, പശ്ചിമഘട്ട രക്തസാക്ഷികള്‍ സിന്ദാബാദ് എന്ന മുദ്രാവാക്യം ഇത്തവണയും ഗ്രോ വാസു ഉച്ചത്തിൽ ഉയര്‍ത്തി. ബലം പ്രയോഗിച്ചാണ് പിന്നീട് അദ്ദേഹത്തെ പോലീസുകാര്‍ വാഹനത്തില്‍ കയറ്റിയത്.നേരത്തെ, കുന്നമംഗലം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഗ്രോ വാസുവിന് കോടതി സ്വന്തം ജാമ്യം അനുവദിക്കാമെന്ന് പറഞ്ഞെങ്കിലും അദ്ദേഹം തയ്യാറായില്ല. തുടര്‍ന്നാണ് റിമാന്‍ഡിലായത്. അതേസമയം, കേസിലെ ഏഴാം സാക്ഷി ലാലു കോടതിയില്‍ കൂറുമാറി. ഗ്രോ വാസു പ്രതിഷേധിക്കുന്നത് കണ്ടിട്ടില്ലെന്ന് പറഞ്ഞ ലാലു, മൊഴി പൊലീസ് വായിച്ചുകേള്‍പ്പിച്ചില്ലെന്നും കോടതിയില്‍ പറഞ്ഞു.2016 നവംബറില്‍ നിലമ്പൂര്‍ കരുളായി വനമേഖലയിലാണ് മാവോവാദികള്‍ വെടിയേറ്റു മരിച്ചത്. മാവോവാദി കേന്ദ്ര കമ്മിറ്റിയംഗം കൃഷ്ണഗിരി ചെട്ടിയാന്‍പടി അംബേദ്കര്‍ കോളനി സ്വദേശി കുപ്പുസ്വാമി എന്ന ദേവരാജന്‍, ചെന്നൈ സ്വദേശിനി അജിത പരമേശന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe