മിച്ചഭൂമി കേസ്: പിവി അൻവറിനെതിരായ കേസ് താമരശേരി ലാന്റ് ബോർഡ് ഇന്ന് വീണ്ടും പരിഗണിക്കും

news image
Jul 31, 2023, 2:12 am GMT+0000 payyolionline.in

കോഴിക്കോട്: പിവി അന്‍വര്‍ എംഎല്‍എയ്ക്കെതിരായ മിച്ചഭൂമി കേസ് താമരശേരി ലാന്‍ഡ് ബോര്‍ഡ് ഇന്ന് വീണ്ടും പരിഗണിക്കും. ഹൈക്കോടതിയില്‍ മാപ്പപേക്ഷ കൊടുത്ത ലാന്‍ഡ് ബോര്‍ഡ‍്, മൂന്ന് മാസത്തിനകം നടപടികള്‍ പൂര്‍ത്തിയാക്കുമെന്നാണ് ഉറപ്പ് നൽകിയിരുന്നത്. അതേസമയം, ലാന്‍ഡ് ബോര്‍ഡ് തയ്യാറാക്കിയ കരട് പട്ടികയിലുള്‍പ്പെട്ട ഭൂമി അന്വേഷണ ഘട്ടത്തില്‍ അന്‍വര്‍ വില്‍പന നടത്തിയതിന്‍റെ തെളിവുകള്‍ ലാന്‍ഡ് ബോര്‍ഡിന് കൈമാറിയതായി പരാതിക്കാര്‍ പറ‍‍ഞ്ഞു.

പിവി അന്‍വര്‍ എംഎല്‍എയ്ക്കെതിരായ മിച്ചഭൂമി അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും നടപടികള്‍ പൂര്‍ത്തിയാക്കാതെ വന്നതോടെയായിരുന്നു ഹൈക്കോടതി നിലപാട് കടുപ്പിച്ചത്. നടപടികള്‍ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് താമരശേരി ലാന്‍ഡ് ബോര്‍ഡിന്‍റെ ചുമതലയുളള ഉദ്യോഗസ്ഥര്‍ കോടതിയില്‍ മാപ്പപേക്ഷ നൽകിയത്. നടപടികള്‍ വൈകിയതില്‍ മാപ്പ് ചോദിച്ച ലാന്‍ഡ് ബോര്‍ഡ് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ മൂന്നു മാസം കൂടി സാവകാശവും തേടി. ഇതിനു ശേഷമുളള ആദ്യ സിറ്റിങ്ങാണ് ഇന്ന് താമരശേരി ലാന്‍ഡ് ബോര്‍ഡില്‍ നടക്കുന്നത്.

ലാന്‍ഡ് ബോര്‍ഡിന്‍റെ അന്വേഷണം നടക്കുന്നതിനിടെ കൈവശമുളള അധിക ഭൂമി അന്‍വറും ഭാര്യയും വില്‍പന നടത്തിയതായി പരാതിക്കാര്‍ ആരോപിച്ചു. അന്‍വറിന്‍റെ പേരില്‍ കൂടരഞ്ഞി വില്ലേജിലുണ്ടായിരുന്ന 90 സെന്‍റ് ഭൂമി മലപ്പുറം ജില്ലയിലെ ഒരു കരാറുകാരനും ഭാര്യ ഹഫ്സത്തിന്‍റെ പേരില്‍ കൂടരഞ്ഞി വില്ലേജില്‍ ഉണ്ടായിരുന്ന 60 സെന്‍റ് ഭൂമി മലപ്പുറം ഊര്‍ങ്ങാട്ടിരിയിലെ മറ്റൊരാള്‍ക്കുമാണ് വില്‍പന നടത്തിയത്. ഇതിന്‍റെ രേഖകള്‍ ലാന്‍ഡ് ബോര്‍ഡിന് കൈമാറിയതായും കെവി ഷാജി പറഞ്ഞു.

2016 ലെ നിയമസഭാ തെരഞ്ഞെടുപ്പ് സത്യവാങ്ങ്മൂലത്തില്‍ സമര്‍പ്പിച്ച സത്യവാങ്ങ്മൂലം അടിസ്ഥാനമാക്കിയാണ് അന്‍വര്‍ അധിക ഭൂമി കൈവശം വച്ചിരിക്കുന്നതായുളള പരാതി വിവരാവകാശ പ്രവര്‍ത്തകര്‍ ലാന്‍ഡ് ബോര്‍ഡിന് മുന്നില്‍ കൊണ്ടുവന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ അധിക ഭൂമി കണ്ടെത്താനായി ലാന്‍ഡ് ബോര്‍ഡ് എല്ലാ ജില്ലാ കളക്ടര്‍മാര്‍ക്കും നോട്ടീസ് നല്‍കിയിരുന്നു. വില്ലേജ് അടിസ്ഥാനത്തില്‍ വിവര ശേഖരണം നടത്തുകയും ചെയ്ചു. ഇതിനിടെയാണ് പരിധിയില്‍ കവിഞ്ഞ ഭൂമി ഇല്ലെന്ന് സ്ഥാപിക്കാനായി അന്‍വറും കുടുംബവും ഭൂമി വില്‍പന നടത്തിയെന്ന ആരോപണം പരാതിക്കാര്‍ ഉന്നയിക്കുന്നത്. ഇവര്‍ സമര്‍പ്പിക്കുന്ന രേഖകളില്‍ അന്‍വറിന്‍റെ ഭാഗം കൂടി കേട്ടം ശേഷമാകും ലാന്‍ഡ് ബോര്‍ഡിന്‍റെ തുടര്‍ നടപടികള്‍.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe