നാടിന്‍റെയാകെ വേദന, പരമാവധി ശിക്ഷ ഉറപ്പുവരുത്തണം ; ഈ സാമൂഹ്യ തിന്മ ഇല്ലാതാക്കാൻ ബോധവത്കരണം വേണം: കെകെ ശൈലജ

news image
Jul 29, 2023, 1:28 pm GMT+0000 payyolionline.in

കൊച്ചി: കാണാതായ അഞ്ച് വയസുകാരിയെ ആലുവയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതികരിച്ച് മുൻ ആരോഗ്യമന്ത്രിയും എം എൽ എയുമായ കെ കെ ശൈലജ ടീച്ചർ രംഗത്ത്. അഞ്ച് വയസുള്ള കുഞ്ഞിനെ ക്രൂരമായ ലൈംഗിക പീഡനത്തിന് വിധേയമാക്കി കൊലചെയ്ത സംഭവം അത്യന്തം ദുഃഖകരമാണെന്ന് പറഞ്ഞ ശൈലജ ടീച്ചർ, പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പുവരുത്താൻ കഴിയണമെന്നും ആവശ്യപ്പെട്ടു.

നമ്മുടെ സമൂഹത്തിൽ വർധിച്ചു വരുന്ന മയക്കുമരുന്നിന്‍റെ ഉപയോഗം ഇത്തരം കുറ്റകൃത്യങ്ങൾ പെരുകുന്നതിന് കാരണമാവുന്നുണ്ട്. പ്രതികളെ അറസ്റ്റ് ചെയ്ത് ശിക്ഷിച്ചതുകൊണ്ട് മാത്രമായില്ല ശക്തമായ ബോധവൽക്കരണത്തിലൂടെ സാമൂഹ്യ തിന്മകൾ ഇല്ലാതാക്കുന്ന പ്രവർത്തനങ്ങൾ സംഘടിപ്പിക്കേണ്ടതുണ്ടെന്നും അവർ ഫേസ്ബുക്ക് കുറിപ്പിലൂടെ അഭിപ്രായപ്പെട്ടു. പിഞ്ചുകുഞ്ഞിന്‍റെ മാതാപിതാക്കളും ബന്ധുക്കളും അനുഭവിക്കുന്ന ദുഃഖം നാടിന്‍റെയാകെ വേദനയായി മാറുകയാണെന്നും കെ കെ ശൈലജ ടീച്ചർ കൂട്ടിച്ചേർത്തു.

കെ കെ ശൈലജ ടീച്ചറുടെ കുറിപ്പ്

ആലുവയിൽ നിന്ന് കാണാതായ അതിഥി തൊഴിലാളികളുടെ അഞ്ച് വയസുള്ള കുഞ്ഞിനെ ക്രൂരമായ ലൈംഗിക പീഡനത്തിന് വിധേയമാക്കി കൊലചെയ്ത സംഭവം അത്യന്തം ദുഃഖകരമാണ്. പ്രതിയെ കഴിഞ്ഞ ദിവസംതന്നെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പുവരുത്താൻ കഴിയണം. നമ്മുടെ സമൂഹത്തിൽ വർധിച്ചു വരുന്ന മയക്കുമരുന്നിന്‍റെ ഉപയോഗം ഇത്തരം കുറ്റകൃത്യങ്ങൾ പെരുകുന്നതിന് കാരണമാവുന്നുണ്ട്.

പ്രതികളെ അറസ്റ്റ് ചെയ്ത് ശിക്ഷിച്ചതുകൊണ്ട് മാത്രമായില്ല ശക്തമായ ബോധവൽക്കരണത്തിലൂടെ സാമൂഹ്യ തിന്മകൾ ഇല്ലാതാക്കുന്ന പ്രവർത്തനങ്ങൾ സംഘടിപ്പിക്കേണ്ടതുണ്ട്. മനുഷ്യ മനസിനെ വികലമാക്കുന്ന എല്ലാതരം പ്രവർത്തനങ്ങളും അവസാനിപ്പിച്ചാൽ മാത്രമേ ക്രൂരകൃത്യങ്ങൾക്ക് അറുതി വരുത്താൻ സാധിക്കുകയുള്ളു. പിഞ്ചുകുഞ്ഞിന്‍റെ മാതാപിതാക്കളും ബന്ധുക്കളും അനുഭവിക്കുന്ന ദുഃഖം നാടിന്‍റെയാകെ വേദനയായി മാറുകയാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe