മുട്ടിൽ മരംമുറിക്കേസ്: വനംവകുപ്പിനെ പഴിചാരി റവന്യൂവകുപ്പ്; ഒരാഴ്ച്ചയ്ക്കുള്ളിൽ പിഴ ചുമത്തി ഉത്തരവിറക്കും

news image
Jul 26, 2023, 2:08 am GMT+0000 payyolionline.in

കൽപ്പറ്റ: മുട്ടിൽ മരംമുറിക്കേസിൽ കെഎൽസി നടപടികൾ പൂർത്തിയാക്കാൻ റവന്യൂവകുപ്പ്. ഒരാഴ്ച്ചയ്ക്കുള്ളിൽ പിഴ ചുമത്തി ഉത്തരവിറക്കുമെന്ന് കളക്ടർ അറിയിച്ചു. കേസുകളിൽ നോട്ടീസ് നൽകി വിചാരണ പൂർത്തിയാക്കി. റവന്യു വകുപ്പിന് വീഴ്ച്ച ഉണ്ടായില്ലെന്നും കളക്ടർ പറയുന്നു. അതേസമയം, വനംവകുപ്പിനെ പഴിചാരി രം​ഗത്തെത്തിയിരിക്കുകയാണ് റവന്യൂവകുപ്പ്. കെഎൽസി നടപടി വൈകാൻ കാരണം വനംവകുപ്പാണെന്ന് റവന്യൂ വകുപ്പ് പറയുന്നു. വില നിർണയ സർട്ടിഫിക്കറ്റുകൾ കിട്ടിയത് ജനുവരിയിലാണ്. ഓരോ കേസിലേയും വിവരങ്ങൾ വെവ്വേറെ നൽകിയില്ല. ഇത് പ്രത്യേകം പിഴചുമത്താൻ തടസ്സമായി. ഓരോ കേസിലും മരത്തിന്റെ വില നിർണയിച്ചു തരണമെന്ന് റവന്യൂ വകുപ്പ് ആവശ്യപ്പെട്ടു.

മുട്ടിൽ മരംമുറി കേസിൽ വനംവകുപ്പ് മാത്രം നടപടികളുമായി മുന്നോട്ടു പോയിരുന്നെങ്കിൽ പ്രതികൾ 500 രൂപ പിഴയടച്ചു രക്ഷപ്പെടുമായിരുന്നുവെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ ഇന്നലെ പറഞ്ഞിരുന്നു. എസ് ഐ ടി അന്വേഷണം വന്നതിനാൽ ഗൂഢാലോചനയും തെറ്റിദ്ധരിപ്പിക്കലും അടക്കം കുറ്റങ്ങൾ കോടതിയിൽ എത്തിക്കാൻ കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു. ഒരു സർക്കാർ ഉത്തരവിനെ മറയാക്കി പട്ടയഭൂമിയിൽ നിന്ന് വ്യാപകമായി മരങ്ങൾ മുറിക്കുക ആയിരുന്നുവെന്നും മന്ത്രി പറഞ്ഞു.ഉദ്യോഗസ്ഥർക്കെതിരായ നടപടി സ്വീകരിക്കുക പ്രത്യേക അന്വേഷണ സംഘത്തിന്‍റെ  റിപ്പോർട്ടിന്‍റെ  അടിസ്ഥാനത്തിൽ ആയിരിക്കും. നിയമലംഘനം നടത്തിയവരോട് വിട്ടുവീഴ്ചയില്ല. മരം കൊള്ള സംബന്ധിച്ച ഡിഎൻഎ പരിശോധന ഇന്ത്യയിൽ തന്നെ ആദ്യം എന്നും  മന്ത്രി പറഞ്ഞു.

മുട്ടില്‍ മരംമുറിക്കേസിലെ പ്രതികളുടെ തട്ടിപ്പ് കഥകൾ ശരിയെന്ന് ഭൂവുടമകൾ വ്യക്തമാക്കി. അനുമതിയുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചാണ്  മരംമുറിക്കാൻ സമീപിച്ചത്. എന്നാൽ മരം മുറിക്കാനായി ഒരിടത്തും അപേക്ഷ നൽകിയിരുന്നില്ലെന്നും ആദിവാസികളായ ഭൂവുടമകൾ വ്യക്തമാക്കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe