നിയന്ത്രണം വിട്ട് മറിഞ്ഞ ഓട്ടോയിലേക്ക് സ്കൂട്ടർ ഇടിച്ചു കയറി; മാവേലിക്കരയിൽ രണ്ട് പേർ മരിച്ചു

news image
Jul 15, 2023, 12:46 pm GMT+0000 payyolionline.in

ആലപ്പുഴ: മാവേലിക്കര പ്രായിക്കര പാലത്തിൽ ഓട്ടോയും സ്കൂട്ടറും അപകടത്തിൽ പെട്ട് രണ്ട് പേർ മരിച്ചു. നിയന്ത്രണം വിട്ട് മറിഞ്ഞ ഓട്ടോയിലേക്ക് സ്കൂട്ടർ ഇടിച്ച് കയറുകയായിരുന്നു. ഓട്ടോ ഡ്രൈവർ ചെന്നിത്തല സ്വദേശി ഹരിന്ദ്രൻ (46) സ്കൂട്ടർ യാത്രക്കാരി കുറത്തികാട് സ്വദേശി ആതിര അജയൻ (23) എന്നിവരാണ് മരിച്ചത്.

തൃശൂരിൽ സ്കൂട്ടറിൽ കെഎസ്ആർടിസി ബസിടിച്ച് വിദ്യാർഥിനി മരിച്ചു. ആളൂർ സ്വദേശിനി ഐശ്വര്യ ബാബു (24) ആണ് മരിച്ചത്. അമ്മ ജീൻസി ബാബുവിന് (49) ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ആളൂർ സെന്റ് ജോസഫ് സ്കൂളിൽ അധ്യാപികയാണ് അമ്മ. പിജിയുടെ സർട്ടിഫിക്കറ്റ് വാങ്ങാൻ മകൾ അമ്മയോടെപ്പം പോകുമ്പോഴാണ് അപകടം ഉണ്ടായത്.

അതേസമയം, ദേശീയപാത നിര്‍മാണത്തിനായി മണ്ണെടുത്ത കുഴിയിലേക്ക് കാര്‍ മറിഞ്ഞ് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. മലപ്പുറം വെളിയങ്കോടായിരുന്നു അപകടമുണ്ടായത്. കൊല്ലം കരുനാഗപ്പള്ളി സ്വദേശി അഷ്റഫിനും ഭാര്യയ്ക്കും മൂന്ന് മക്കള്‍ക്കുമാണ് അപകടത്തിൽ പരിക്കേറ്റത്. അഷ്റഫും കുടുംബാംഗങ്ങളും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാതിരുന്നതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് അഷ്റഫ് ആരോപിക്കുന്നത്. സ്ഥലത്ത് മുന്നറിയിപ്പ് ബോര്‍ഡൊന്നുമുണ്ടായിരുന്നില്ലെന്നും ഇത് കാരണം നേരെ വന്ന് കുഴിലേക്ക് വീണെന്നും അഷ്റഫ് വ്യക്തമാക്കി. ഇനിയാർക്കും ഇത്തരം അപകടങ്ങൾ ഉണ്ടാകാതിരിക്കാനുള്ള നടപടി വേണമെന്നും അഷ്റഫ് ആവശ്യപ്പെടുന്നു. റോഡിലെ സുരക്ഷക്ക് വേണ്ടി ക്യാമറകൾ വയ്ക്കുന്നുവെന്ന് പറയുന്ന സർക്കാർ എന്തുകൊണ്ടാണ് ദേശീയ പാതയിൽ കുഴിയുണ്ടായിട്ടും മുന്നറിയിപ്പ് ബോർഡ് പ്രദർശിപ്പിക്കാത്തതെന്നും അദ്ദേഹം ചോദിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe