കോഴിക്കോട് : കൊയിലാണ്ടിയില്‍ വിദ്യാഭ്യാസ മന്ത്രിക്കെതിരെ പ്രതിഷേധിക്കാൻ എത്തിയ എംഎസ്എഫ് പ്രവർത്തകരെ കൈ വിലങ്ങു അണിയിച്ച സംഭവത്തിൽ അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. കൊയിലാണ്ടി എസ്ഐക്കെതിരെ അന്വേഷണം നടത്താനാണ് ഉത്തരവ്. റൂറൽ എസ് പി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കമ്മീഷൻ ആക്ടിങ് ചെയർപേഴ്സൺ കെ ബൈജു നാഥിന്റെ ഉത്തരവ്.
പ്ലസ് ടു സീറ്റ് പ്രതിസന്ധി വിഷയത്തില്‍ സമര രംഗത്തുള്ള എം എസ് എഫ് പ്രതിഷേധത്തിന്‍റെ ഭാഗമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയെ കരിങ്കൊടി കാണിക്കാന്‍ തീരുമാനിച്ചിരുന്നു. കൊയിലാണ്ടിയില്‍ പൊതു പരിപാടിക്കായി മന്ത്രിയെത്തുന്നതിന്‍റെ തൊട്ടു മുമ്പാണ് റോഡരികില്‍ വെച്ച് എം എസ് എഫ് ക്യാമ്പസ് വിംഗ് ജില്ലാ കണ്‍വീനര്‍ അഫ്രിന്‍, മണ്ഡലം സെക്രട്ടറി ഫസീഹ് എന്നിവരെ പൊലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തത്.
സ്റ്റേഷനിലെത്തിച്ച ശേഷം ഇവരെ കൈവിലങ്ങ് വെച്ചാണ് വൈദ്യ പരിശോധനക്കായി ആശുപത്രിയില്‍ കൊണ്ടു പോയത്. ഇവര്‍ക്കു പുറമേ മന്ത്രിയെ കരിങ്കൊടി കാണിച്ച നാല് എം എസ് എഫ് പ്രവര്‍ത്തകരേയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.