ബെംഗളൂരു: വില്‍പ്പനക്കായി വിളവെടുത്ത് സൂക്ഷിച്ച തക്കാളി മോഷ്ടിച്ച് കള്ളന്മാർ. രണ്ടരലക്ഷം വില വരുന്ന തക്കാളിയാണ് കൃഷിയിടത്തിൽ നിന്ന് മോഷണം പോയത്. ഇതോടെ കർഷകൻ പ്രതിസന്ധിയിലായി. കര്‍ണാടക ഹലേബീഡു താലൂക്കിലെ ഗോണി സോമനഹള്ളി ഗ്രാമത്തിലാണ് സംഭവം. കർഷകന്റെ പരാതിയിൽ കേസെടുത്ത് അന്വേഷണം പുരോഗമിക്കുകയാണ്. കർഷകനായ സോമശേഖറിന്റെ കൃഷിയിടത്തില്‍ നിന്നാണ് തക്കാളി മോഷണം പോയത്. വിളവെടുപ്പ് നടത്തിയതിന്റെ തൊട്ടുപിന്നാലെയാണ് സംഭവം. കഴിഞ്ഞ മൂന്നു വര്‍ഷമായി തക്കാളി കൃഷി ചെയ്യുകയാണ് സോമശേഖര്‍. വിലയിടിവ് മൂലം ദുരിതത്തിലായിരുന്നു. അപ്രതീക്ഷിതമായ വിലക്കയറ്റത്തിൽ ലാഭം നേടാമെന്ന് നിനച്ചിരിക്കെയാണ് അപ്രതീക്ഷിത മോഷണം.
ചൊവ്വാഴ്ച രാത്രിയാണ് ഫാമിൽ സൂക്ഷിച്ച 60 ചാക്ക് തക്കാളിയുമായി മോഷ്ടാക്കൾ സ്ഥലം വിട്ടത്. ആകെ 2.5 ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായതെന്ന് ഇയാൾ പറഞ്ഞു. ബുധനാഴ്ച രാവിലെ സോമശേഖറിന്റെ മകൻ ധരണി ഫാമിലെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. രണ്ടേക്കർ ഭൂമിയിൽ കനത്ത മഴയും കാലാവസ്ഥയും രോഗവും കാരണം കഴിഞ്ഞ മൂന്ന് വർഷമായി വിളവെടുക്കാൻ കഴിഞ്ഞിരുന്നില്ലെന്നും ഇപ്പോൾ നല്ല വില കിട്ടുമെന്ന പ്രതീക്ഷയിലിരിക്കുമ്പോഴാണ് മോഷ്ടാക്കൾ ചതിച്ചതെന്നും സോമശേഖരന്റെ ഭാര്യ പാർവതമ്മ പറഞ്ഞു.ഇനി പകുതി വിളവെടുക്കാനുണ്ട്. അതെങ്കിലും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഈ കർഷക കുടുംബം.
രാജ്യത്താകമാനം തക്കാളി വില നൂറ് രൂപയും കടന്ന് കുതിക്കുകയാണ്. അപ്രതീക്ഷിത മഴയും വിളനാശവുമാണ് വിലക്കയറ്റത്തിന് കാരണം. ചില സംസ്ഥാനങ്ങളിൽ വില 150 കടന്നു. വില ഉയർന്ന സാഹചര്യത്തിൽ തമിഴ്നാട്ടിലെ റേഷൻ കടകളിലൂടെ കുറഞ്ഞ വിലക്ക് തക്കാളി എത്തിക്കുമെന്നാണ് തമിഴ്നാട് സർക്കാർ പ്രഖ്യാപിച്ചിരുന്നു. സഹകരണ മന്ത്രി കെ ആർ പെരിയക്കുറുപ്പൻ നടത്തിയ അവലോകന യോഗത്തിന് ശേഷമാണ് തമിഴ്നാട് സർക്കാർ തീരുമാനമെടുത്തത്. നാളെ ചെന്നൈ നഗരത്തിലെ 82 റേഷൻ കടകളിലാകും തക്കാളി 60 രൂപക്ക് കിട്ടുക. വരും ദിവസങ്ങളിൽ മറ്റ് ജില്ലകളിലെ റേഷൻ കടകളിലും ഈ നിലയിലുള്ള സംവിധാനമുണ്ടാക്കുമെന്നാണ് മന്ത്രി വ്യക്തമാക്കിയത്.