‘കടൽ താണ്ടി വന്നവനാണ്, കൈത്തോട് കാട്ടി പേടിപ്പിക്കരുത്’; കെ സുധാകരൻ

news image
Jun 23, 2023, 6:34 am GMT+0000 payyolionline.in

കൊച്ചി: മോൻസൺ മാവുങ്കൽ ഒന്നാം പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസിൽ നിലപാടിലുറച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി. തൻ്റെ ഭാഗത്ത് ഒരു തെറ്റുമില്ല. എന്തെങ്കിലും തെളിവുണ്ടെങ്കിൽ കൊണ്ടുവരട്ടെ, തനിക്ക് ഒന്നിനോടും ഭയമില്ലെന്നും കെ സുധാകരൻ പറഞ്ഞു. കളമശേരി ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകാൻ പോകുന്ന വഴി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“എന്ത് മൊഴി ഉണ്ടെങ്കിലും, എന്റെ മനസ്സിൽ ഒരു കുറ്റബോധവുമില്ലാത്തിടത്തോളം, ഞാൻ ഒന്നിനെയും ഭയപ്പെടുന്നില്ല. തെളിവുണ്ടെങ്കിൽ കൊണ്ടുവരട്ടെ, അവിടെ വച്ച് കാണാം. പക്ഷെ എനിക്കൊരു വിശ്വാസമുണ്ട്. ഞാൻ എന്ത് ചെയ്തു, ചെയ്തില്ല എന്ന് എനിക്കല്ലേ അറിയൂ? എൻ്റെ മനഃസാക്ഷിക്കനുസരിച്ച് ഞാൻ പറയുന്നു…എൻ്റെ ഭാഗത്ത് നിന്ന് ഒരു പാളിച്ചയും പാകപ്പിഴയും വന്നിട്ടില്ല. ആരെയും ദുരുപയോഗം ചെയ്തിട്ടില്ല, കൈക്കൂലിയും വാങ്ങിയിട്ടില്ല.” – സുധാകരൻ പറഞ്ഞു.

“ജീവിതത്തിൽ രാഷ്ട്രീയത്തിൽ ഒരിക്കലും കൈക്കൂലി വാങ്ങിയിട്ടില്ല, പൊളിറ്റിക്കൽ എത്തിക്സ് ഉള്ളയാളാണ്. ‘അവോയ്ഡ് ത്രീ ഡബ്ല്യു’ എന്നതാണ് എൻ്റെ പോളിസി. ആ പ്രിൻസിപ്പലിനെ പ്രാവർത്തികമാക്കുന്ന രാഷ്ട്രീയ പ്രവർത്തകനാണ് ഞാൻ. അതുകൊണ്ട് എനിക്ക് ആരെയും ഭയക്കേണ്ട കാര്യമില്ല. എല്ലാ കാര്യങ്ങളും സത്യസന്ധമായി മാത്രമേ ചെയ്തിട്ടുള്ളു. കോടതിയിൽ എനിക്ക് പൂർണ വിശ്വാസമുണ്ട്. അറസ്റ്റിൽ ആശങ്കയില്ല, അറസ്റ്റ് ചെയ്യുന്നെങ്കിൽ ചെയ്യട്ടെ…കടൽ താണ്ടി വന്നവനാണ്, കൈത്തോട് കാട്ടി പേടിപ്പിക്കരുത്” – സുധാകരൻ കൂട്ടിച്ചേർത്തു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe