10,000 ലിറ്റർ സംഭരണശേഷി, രാത്രിയിൽ പ്രവർത്തനം; സക്ഷൻ കം ജെറ്റിങ്ങ് യന്ത്രത്തെ കുറിച്ച് വിശദീകരിച്ച് പി രാജീവ്

news image
Jun 22, 2023, 10:09 am GMT+0000 payyolionline.in

കൊച്ചി: കൊച്ചിയിലെ കാനകളിലടിഞ്ഞുകൂടിയ ടൺ കണക്കിന് ചളിയും മാലിന്യവും നീക്കം ചെയ്യുന്നുന്നതിനായി എത്തിച്ച സക്ഷൻ ആൻഡ് ജെറ്റിങ്ങ് യന്ത്രത്തിന്‍റെ പ്രവര്‍ത്തനം വിശദീകരിച്ച് മന്ത്രി പി രാജീവ്. കാനകളിലെ ചളിയും മാലിന്യവും നീക്കാനുള്ള സക്ഷൻ കം ജെറ്റിങ്ങ് യന്ത്രം വലിയ വിജയം കൈവരിച്ച് മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണെന്ന് മന്ത്രി അറിയിച്ചു. എംജി റോഡിലെ കാനകളിൽ മൂന്നടിയോളം കനത്തിൽ കോൺക്രീറ്റ് പോലെ ഉറച്ചുകിടന്ന മാലിന്യം ആദ്യം ജെറ്റിങ്ങ് പ്രോസിലൂടെ ഇളക്കുകയും പിന്നീട് സക്ഷനിലൂടെ യന്ത്രത്തിലേക്ക് വലിച്ചെടുക്കുകയുമാണ്.

മുല്ലശേരി കനാൽ നവീകരണത്തിന്‌ സമാന്തരമായി എംജി റോഡിലെ കാനകൾ ശുചീകരിക്കുന്നതോടെ മഴക്കാലത്ത് കൊച്ചിയിലെ വെള്ളക്കെട്ടിന് വലിയ പരിഹാരം കാണാമെന്ന പ്രതീക്ഷയിലാണെന്നും മന്ത്രി പറഞ്ഞു. യന്ത്രത്തിലേക്ക് വലിച്ചെടുക്കുന്ന ചളിയും മാലിന്യവും ഒരു കാബിനിലേക്ക് വേർതിരിക്കുന്ന മെഷീൻ വെള്ളം ശുചീകരിച്ച് കാനയിലേക്ക് തന്നെ തിരിച്ച് പമ്പ് ചെയ്യും. മെഷീൻ പെട്ടെന്ന് പണിമുടക്കുമെന്ന ആശങ്കയും വേണ്ട.

അടുത്ത അഞ്ച് വർഷത്തേക്കുള്ള പ്രവർത്തന – പരിപാലന ചുമതല കമ്പനിയിൽ തന്നെ നിക്ഷിപ്തമാക്കിയാണ് സക്ഷൻ ആൻഡ് ജെറ്റിങ്ങ് യന്ത്രം വാങ്ങിയിട്ടുള്ളത്. 10,000 ലിറ്ററാണ്‌ യന്ത്രത്തിന്റെ സംഭരണശേഷി. രണ്ടര കിലോമീറ്റർ നീളത്തിൽ ഓടകളിലെ മാലിന്യം ചുരുങ്ങിയ ദിവസം കൊണ്ട് നീക്കം ചെയ്യാൻ ഈ യന്ത്രത്തിന് സാധിച്ചിട്ടുണ്ട്.

റോഡിൽ ഗതാഗത തടസമുണ്ടാകാത്തവിധം രാത്രി മാത്രമാണ്‌ യന്ത്രം പ്രവർത്തിപ്പിക്കുന്നത്‌. എംജി റോഡിലെ കാനകളുടെ ശുചീകരണം പൂർത്തിയായാൽ ടൗൺഹാൾ പ്രദേശത്തെ കാനകൾ ശുചീകരിക്കും. പ്ലാസ്‌റ്റിക്, കുപ്പി, തുണി, ഫ്ലക്‌സ്‌ തുടങ്ങിയ മാലിന്യങ്ങളും ഈ യന്ത്രത്തിലൂടെ ഒഴിവാക്കാൻ സാധിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe