തിരുവനന്തപുരം: അവയവ ദാനവുമായി ബന്ധപ്പെട്ട് ഡോക്ടര്‍ ഗണപതി ഒരു അഭിമുഖത്തില്‍ നടത്തിയ പരാമര്‍ശങ്ങള്‍ ശാസ്ത്രീയമായ എന്തെങ്കിലും പഠനങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് കരുതാനാവില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി. അറിഞ്ഞോ അറിയാതെയോ സാമൂഹിക വിഭജനത്തിന് കാരണമാകുന്ന ഒന്നിനെയും പിന്തുണയ്ക്കാനാവില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
മുസ്ലീം ഡോക്ടര്‍മാരും മുസ്ലീം ബിസിനസുകാരും ഉടമസ്ഥരായിട്ടുള്ള ആശുപത്രികളിലാണ് കൂടുതല്‍ മസ്തിഷ്ക മരണങ്ങള് സംഭവിക്കുന്നതെന്ന പരാമര്‍ശമാണ് ഡേ. ഗണപതി നടത്തിയത്. സംസ്ഥാനത്ത് ഏറ്റവും കുറവ് മസ്തിഷ്ക മരണം സംഭവിക്കുന്നത് മുസ്ലീം വിഭാഗങ്ങളില്‍പ്പെട്ടവരിലാണെന്നും ഗണപതി പറഞ്ഞിരുന്നു.
അതേസമയം, ഗണപതിയുടെ പരാമര്‍ശങ്ങള്‍ തെറ്റിദ്ധാരണ പരത്തുന്നതാണെന്ന് കെടി ജലീല്‍ പറഞ്ഞു. ഗണപതി ഒരു ഓണ്‍ലൈന്‍ ചാനലിന് കൊടുത്ത അഭിമുഖം അങ്ങേയറ്റം വര്‍ഗ്ഗീയ ചേരിതിരിവ് ഉണ്ടാക്കുന്നതും തെറ്റിദ്ധാരണ പരത്തുന്നതുമാണ്. ഗണപതി പറഞ്ഞ കാര്യങ്ങളില്‍ സത്യത്തിന്റെ തരിമ്പുണ്ടെങ്കില്‍ ഉത്തരവാദികളായ കശ്മലന്മാരെ തൂക്കിക്കൊല്ലണം. കാരണം അത്ര വലിയ പാപമാണ് അവര്‍ ചെയ്തത്. ഇത്തരം പ്രശ്നങ്ങളെ വര്‍ഗ്ഗീയമായി അവതരിപ്പിച്ച് സമൂഹത്തില്‍ ഛിദ്രത പടര്‍ത്താന്‍ ഡോ: ഗണപതി അറിഞ്ഞോ അറിയാതെയോ ശ്രമിക്കുന്നത് അത്യന്തം അപലപനീയവും നിന്ദ്യവുമാണ്.
ഈ അസത്യ പ്രസ്താവന ഉത്തരേന്ത്യയില്‍ സംഘ്പരിവാറുകാര്‍ ദുരുപയോഗം ചെയ്യുമെന്ന് ഉറപ്പാണ്. ഒരുപക്ഷെ, നാളെ മറ്റൊരു കേരള സ്റ്റോറിയായി പുറത്ത് വരാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ലെന്നും കെടി ജലീല്‍ പറഞ്ഞു. 2009ല്‍ ലേക്ക്ഷോര്‍ ഹോസ്പിറ്റലിന്റെ എം.ഡി ഡോ. ഫിലിപ്പ് അഗസ്റ്റിനാണ്. 2016ലാണ് ഡോ. ഷംസീര്‍ ലേക്ക്ഷോറിന്റെ 42% ഓഹരിയും എം.എ യൂസുഫലി 16% ഓഹരിയും വാങ്ങുന്നത്. 2009ല്‍ നടന്നതായി ഗണപതി പറയുന്ന മാഫിയാ അവയവമാറ്റ ശസ്ത്രക്രിയയില്‍ 2016ല്‍ മേജര്‍ ഷെയര്‍ വാങ്ങിയ മുസ്ലിം പേരുകാരന് എങ്ങനെയാണ് പ്രതിയാവുകയെന്നും ജലീല്‍ ചോദിച്ചു.