കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യക്ക് വധഭീഷണി; കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു

news image
Jun 21, 2023, 2:31 pm GMT+0000 payyolionline.in

കണ്ണൂർ: സിപിഎമ്മിന്റെ യുവ നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പിപി ദിവ്യക്ക് വധഭീഷണി. അക്രമകാരികളായ തെരുവ് നായകളെ കൊല്ലാൻ  സുപ്രീം കോടതിയെ സമീപിച്ചതിനെ തുടർന്നാണ് വധഭീഷണി ഉയർന്നത്. മൃഗസ്നേഹികൾ ഉൾപ്പെട്ട വാട്സ്‌ആപ്പ് ഗ്രൂപ്പിലാണ് ഭീഷണി സന്ദേശം വന്നത്. ഈ സന്ദേശം അടക്കം ഉൾപ്പെടുത്തി പിപി ദിവ്യ കണ്ണൂർ ടൗൺ പോലീസിൽ പരാതി നൽകി. പരാതിയിൽ പൊലീസ് കേസെടുത്തു.

കേസ് ഇന്ന് സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് വന്നിരുന്നു. തെരുവ് നായയുടെ കടിയേറ്റ് കുട്ടി മരിച്ചത് ഭൗർഭാഗ്യകരമായ സംഭവമെന്ന് സുപ്രീം കോടതി പറഞ്ഞു. അക്രമകാരികളായ തെരുവുനായകളെ ദയാവധം ചെയ്യാൻ അനുവദിക്കണമെന്ന ഹർജിക്കിടെയാണ് പരാമർശം ഉണ്ടായത്. ഹർജി പരിഗണിക്കുന്നത് ജൂലായ് 12ലേക്ക് മാറ്റിയിരിക്കുകയാണ്. കേസിൽ കേന്ദ്രസർക്കാർ ഉൾപ്പെടെയുള്ള എതിർകക്ഷികൾ ജൂലായ് ഏഴിനകം മറുപടി നൽകാനും കോടതി ആവശ്യപ്പെട്ടു.

അതിനിടെ സംസ്ഥാനത്ത് ഇന്നും വ്യാപകമായി തെരുവ് നായകളുടെ ആക്രമണം ഉണ്ടായി. കാസര്‍കോടും കണ്ണൂരിലും കൊല്ലത്തും തിരുവനന്തപുരത്തും  ഇന്ന് തെരുവ് നായ ആക്രമണം ഉണ്ടായി. കൊല്ലം പൊളയത്തോട് തെരുവ് നായ ആക്രമണത്തില്‍ പത്ത് വയസുകാരൻ ഷൈനിന് ഗുരുതരമായി പരിക്കേറ്റു. തെരുവ് നായക്കൂട്ടത്തെ കണ്ട് ഓടി നിലത്ത് വീണ കുട്ടിയെ പിന്തുടര്‍ന്നെത്തിയ നായക്കൂട്ടം കടിച്ച് വലിക്കുകയായിരുന്നു. സ്കൂട്ടര്‍ യാത്രക്കാരനാണ് കുട്ടിയെ രക്ഷിച്ച് വീട്ടിലെത്തിച്ചത്.

കാസര്‍കോട് ബേക്കലില്‍ വയോധികയെ തെരുവ് നായക്കൂട്ടം മേലാസകലം കടിച്ചു പറിച്ചു. ബേക്കൽ പുതിയ കടപ്പുറം സ്വദേശി 65 വയസുകാരി ഭാരതിക്കാണ് പരിക്കേറ്റത്. രാവിലെ ആറരയ്ക്ക് ബന്ധുവീട്ടിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ് ഭാരതി. കണ്ണൂർ തളിപ്പറമ്പ് ഞാറ്റുവയലിൽ തെരുവ് നായ ആക്രമണത്തിൽ നിന്ന് 5 വയസുകാരി കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. ഇന്ന് രാവിലെ സ്കൂളിൽ പോകാൻ ഇറങ്ങിയപ്പോഴാണ് സംഭവം നടന്നത്. വീടിനു പുറത്തേക്ക് ഇറങ്ങിയ കുട്ടിയെ 3 നായ്ക്കൾ ഓടിക്കുകയായിരുന്നു. കുട്ടി വീടിനകത്തേയ്ക്ക് ഓടി കയറിയതിനാൽ കടിയേറ്റില്ല.

കൊല്ലം ശാസ്താംകോട്ടയില്‍ തെരുവ് നായയുടെ കടിയില്‍ നിന്ന് ഇന്നലെ യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. ഭരണിക്കാവ് സ്വദേശി അഷ്കര്‍ ബദര്‍, കാറിന്‍റെ ബോണറ്റിൽ ചാടിക്കയറിയതിനാലാണ് വലിയ പരിക്കില്ലാതെ രക്ഷപ്പെട്ടത്. തെരുവുനായ ശല്യം രൂക്ഷമായ കൊല്ലം പുനലൂരിൽ മൃഗാശുപത്രി ഡോക്ടർമാരെയും ജീവനക്കാരെയും ആശുപത്രിയിൽ പൂട്ടിയിട്ട് പ്രതിപക്ഷ പ്രതിഷേധമുണ്ടായി. തെരുവു നായ്ക്കളെ നിയന്ത്രിക്കുന്നതിൽ നഗരസഭാ പദ്ധതികൾ ഫലപ്രദമല്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. അടുത്ത മാസം ഒന്നു മുതല്‍ നായകളെ പിടികൂടി വന്ധ്യംകരണം നടത്തുമെന്ന് ഉറപ്പു നൽകിയതിനെ തുടർന്നാണ് സമരം അവസാനിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe