സഹിക്കാനാവില്ല, നിഹാലിനെയോർത്ത് കണ്ണീർ വാർത്ത് നാട്, കണ്ട കാഴ്ച ഹൃദയം തകർക്കും, വിങ്ങിപ്പൊട്ടി പ്രദേശവാസികൾ

news image
Jun 12, 2023, 12:49 am GMT+0000 payyolionline.in

കണ്ണൂർ: കണ്ണൂരിൽ തെരുവുനായ ആക്രമണത്തിൽ അതിദാരുണമായി ജീവൻ നഷ്ടപ്പെട്ട നിഹാലിന്റെ മൃതദേഹം കണ്ടെടുത്തതിന്റെ ഞെട്ടലിലാണ് പ്രദേശവാസികൾ. ഓട്ടിസം ബാധിച്ച കുട്ടിയാണ് നിഹാലെന്നും മുമ്പും ഇത്തരത്തിൽ നിഹാലിനെ കാണാതായിട്ടുണ്ടെന്നും നാട്ടുകാർ പറയുന്നു. നാട്ടുകാരാണ് അപ്പോഴൊക്കെ തിരികെ വീട്ടിലെത്തിക്കാറുള്ളത്. എന്നത്തേയും പോലെ തിരികെ വരുമെന്നാണ് കരുതിയിരുന്നത്. പിന്നീട് കാണാതായപ്പോഴാണ് അന്വേഷിച്ചത്.

വീടിന് അര കിലോമീറ്റർ അകലെ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയുടെ മൃതദേഹം കണ്ടെടുക്കുമ്പോൾ കാലിന് കീഴ്പോട്ട് വിശദീകരിക്കാൻ കഴിയാത്ത വിധത്തിലുള്ള മുറിവുകളാണ് ഉണ്ടായിരുന്നതെന്ന് പ്രദേശവാസികളിലൊരാൾ പറയുന്നു. നായ്ക്കൾ വരുന്നത് കണ്ടാണ് അവിടേക്ക് അന്വേഷിക്കാൻ തയ്യാറായത്. അവിടെയെത്തിയപ്പോഴാണ് ദാരുണമായ വിധത്തിൽ കുട്ടി മുറിവേറ്റ് കിടക്കുന്നത് കണ്ടത്. സംസാരശേഷിയില്ലാത്ത കുഞ്ഞായതിനാൽ നിലവിളിക്കാനോ ഒച്ച വെക്കാനോ സാധിച്ചില്ല. ആളൊഴിഞ്ഞ പറമ്പിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തുന്നത്. അവിടെയെത്തുമ്പോൾ കണ്ട കാഴ്ചയെക്കുറിച്ച് പറയാൻ പോലും ചിലർ തയ്യാറാകുന്നില്ല. രക്തം വാർന്ന നിലയിലാണ് കുട്ടിയെ കണ്ടെത്തുന്നത്.

ഒന്നിലധികം തെരുവുനായ്ക്കൾ ചേർന്നാകാം കുഞ്ഞിനെ ആക്രമിച്ചിട്ടുണ്ടാകുക എന്നും പ്രദേശവാസികൾ പറയുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി കുട്ടിയുടെ മൃതദേഹം ജനറല്‍ ആശുപത്രി  മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇന്ന് രാവില ആയിരിക്കും പോസ്റ്റ്മോര്‍ട്ടം നടപടികള്‍ ഉണ്ടാകുക. അതിന് ശേഷമായിരിക്കും കുട്ടിക്ക് സംഭവിച്ച പരിക്കുകളെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ ലഭ്യമാകൂ. പൊലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തുന്നത്.

കണ്ണൂരിൽ 11 വയസ്സുകാരനെ തെരുവുനായ കടിച്ചു കൊന്ന സംഭവം ദാരുണമെന്നാണ് മന്ത്രി എം ബി രാജേഷ് പ്രതികരിച്ചത്. കുട്ടിയെ കടിച്ചു കൊന്ന സംഭവം ഞെട്ടിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. എബിസി കേന്ദ്രങ്ങൾ തുടങ്ങാനാകാതെ പോയത് പ്രാദേശിക എതിർപ്പ് കാരണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കണ്ണൂർ മുഴപ്പിലങ്ങാട് കെട്ടിനകം പള്ളിക്ക് സമീപമാണ് സംഭവം. നിഹാൽ നൗഷാദ് എന്ന പതിനൊന്ന് വയസുകാരനാണ് തെരുവുനായ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe