ഹണി ട്രാപ്പിൽ ലക്ഷങ്ങൾ തട്ടി: കാസർകോട്ട്‌ ദമ്പതികളടക്കം 7 പേർ പിടിയിൽ

news image
Feb 1, 2024, 5:09 am GMT+0000 payyolionline.in
കാസർകോട്‌:  മധ്യവയസ്‌കനെ ഹണി ട്രാപ്പിൽപ്പെടുത്തി ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ ദമ്പതികൾ ഉൾപ്പെടെ ഏഴുപേരെ മേൽപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു. ഉദുമ സ്വദേശിയായ 59 കാരന്റെ നഗ്‌നചിത്രമെടുത്ത്‌ പണം തട്ടിയ കേസിൽ  മീത്തൽ മാങ്ങാട് സ്വദേശികളായ ദിൽഷാദ്, അബ്ദുള്ള, ഷിറി ബാഗിലുവിലെ സിദ്ധിഖ്, ദമ്പതികളായ കോഴിക്കോട് പെരുമണ്ണയിലെ ഫൈസൽ, റുബീന, പടന്നക്കാട്‌ താസിക്കുന്ന റഫീഖ്‌, ബംബ്രാണയിലെ മിസ്രിയ എന്നിവരെയാണ് എസ്‌ഐ അരുൺ മോഹനും സംഘവും അറസ്റ്റ് ചെയ്തത്.

പെരിയയിൽ കോളേജിൽ പഠിക്കുന്ന വിദ്യാർഥിയെന്ന് പറഞ്ഞ് ഫോണിലൂടെ 59  കാരനുമായി റുബീന ബന്ധം സ്ഥാപിച്ചു. ലാപ് ടോപ് വേണമെന്ന് റുബീന ആവശ്യപ്പെട്ടതിനെ തുടർന്ന് വാങ്ങി നൽകാനായി ആദ്യം കാസർകോടും പിന്നീട് കുറഞ്ഞ വിലയിൽ കിട്ടുമെന്ന് പറഞ്ഞ് കഴിഞ്ഞ 25ന്‌ മംഗളൂരുവിലുമെത്തി. ഇവിടെ നിന്ന് ഹോട്ടൽ മുറിയിലെത്തിച്ച് നഗ്നചിത്രങ്ങൾ പകർത്തി. പിന്നാലെ റുബീനയ്‌ക്കൊപ്പമുള്ള മറ്റുപ്രതികൾ  മുറിയിൽ കയറി ഇയാളെ തടങ്കലിലാക്കി. നീലേശ്വരം പടന്നക്കാട്ടെ റഫീഖിന്റെ വീട്ടിലെത്തിച്ചു. ക്യാമറയിലുള്ള ചിത്രങ്ങൾ പുറത്ത് വിടാതിരിക്കണമെങ്കിൽ 50 ലക്ഷം രൂപ നൽകണമെന്നാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി. ഒടുവിൽ 36 ലക്ഷം നൽകാമെന്ന് സമ്മതിച്ചു. 10,000 രൂപ ഗൂഗിൾ പേ വഴിയും 4.90 ലക്ഷം പണമായും സംഘം കൈപ്പറ്റി. തടങ്കലിൽ നിന്ന് രക്ഷപ്പെട്ട ശേഷം ഉദുമ സ്വദേശി മേൽപറമ്പ് പൊലീസിൽ പരാതി നൽകി.

 

ശേഷിക്കുന്ന 31 ലക്ഷം രൂപ കൈമാറാനെന്ന പേരിൽ ദിൽഷാദിനെയും സിദ്ദിഖിനെയും മേൽപറമ്പിലേക്ക് വിളിച്ചു വരുത്തി വാഹനം വളഞ്ഞ് പൊലീസ് സാഹസികമായി പിടികൂടുകയായിരുന്നു. ദിൽഷാദ് ചെറുവത്തൂരിൽ തുണിക്കട നടത്തുമ്പോൾ അവിടെ പാചക തൊഴിലാളിയായി ജോലി ചെയ്തിരുന്ന ഫൈസലുമായി പരിചയത്തിലായി. തുടർന്ന് പണം തട്ടിയെടുക്കാൻ ലക്ഷ്യമിട്ട് ഉദുമ സ്വദേശിയുടെ നമ്പർ സംഘടിപ്പിച്ച് ഫൈസലിന്റെ ഭാര്യ റുബീന ബന്ധം സ്ഥാപിക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. അറസ്‌റ്റുചെയ്‌ത സംഘത്തിൽ എസ്ഐ സുരേഷ്, സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ മിതേഷ് മണ്ണട്ട, ഹിതേഷ്, പ്രദീപ്, രഞ്ജിത്ത്, ഡ്രൈവർ രാജേഷ്, വനിതാ ഉദ്യോഗസ്ഥരായ പ്രശാന്തി, സുജാത എന്നിവരുമുണ്ടായി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe