തിരുവനന്തപുരം: ഹജ്ജ് വിമാന ചാർജിന്റെ കാര്യത്തിൽ കോഴിക്കോട് നിന്നുള്ള തുകയിൽ കുറവ് വരുമെന്ന് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം സംസ്ഥാനത്തെ അറിയിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഔദ്യോഗികമായ അറിയിപ്പുകൾ കിട്ടിയിട്ടില്ലെങ്കിലും, ലഭ്യമായ വിവരമനുസരിച്ച് കേരളത്തിൽ നിലവിലുള്ള മൂന്ന് ഹജ്ജ് എംബാർക്കേഷൻ പോയിന്റുകളിൽ ഹാജിമാരിൽ നിന്നും ഈടാക്കുന്ന വിമാന ചാർജ് കാലിക്കറ്റ് (കോഴിക്കോട്)-1,65,000, കൊച്ചി-86,000, കണ്ണൂർ-86,000 രൂപ എന്നിങ്ങനെയാണ്.
കോഴിക്കോട് വിമാനത്താവളം വഴി പോകുന്ന ഹാജിമാർ മറ്റ് എമ്പാർക്കേഷൻ പോയിന്റു്കളേക്കാൾ 79,000 രൂപ കൂടുതൽ നൽകേണ്ട അവസ്ഥയുണ്ട്. കഴിഞ്ഞ വർഷം ഹാജിമാരിൽ നിന്നും ഈടാക്കിയ വിമാനക്കൂലി കാലിക്കറ്റ് (കോഴിക്കോട്)-1,20,490, കൊച്ചിൻ-1,21,275 , കണ്ണൂർ-1,22,141 രൂപ എന്നിങ്ങനെയായിരുന്നു. നിലവിൽ കേരളത്തിൽ നിന്നും അപേക്ഷ സമർപ്പിച്ച 24,784 അപേക്ഷകരിൽ 14,464 പേരും കോഴിക്കോട് എമ്പാർക്കേഷൻ പോയിൻറാണ് തെരഞ്ഞെടുത്തത്.
ദൂരപരിധി മാനദണ്ഡമാക്കിയാൽ കേരളത്തിൽ നിന്നുമുള്ള മൂന്ന് എമ്പാർക്കേഷൻ പോയിൻറുകളിൽ നിന്നും ഏകീകൃതമായ ചാർജാണ് ഈടാക്കേണ്ടത്. ന്യായരഹിതമായ തീരുമാനത്തിനെതിരെ കേന്ദ്ര സർക്കാറുമായി ബന്ധപ്പെട്ട് പരിഹാരം കാണുന്നതിനായി കേന്ദ്ര വ്യോമയാന മന്ത്രിക്ക് ജനുവരി 25ന് സംസ്ഥാന ന്യൂനപക്ഷക്ഷേമ മന്ത്രി കത്ത് നൽകി. അതോടൊപ്പം വിമാന യാത്രാ നിരക്ക് കുറക്കണമെന്നാവശ്യപ്പെട്ട് എയർ ഇന്ത്യ ലിമിറ്റഡിന്റെ ചെയർമാന് വകുപ്പ് മന്ത്രിയും, വകുപ്പ് സെക്രട്ടറിയും കത്ത് നൽകി.
സംസ്ഥാനത്തിൻറെ ഇടപെടലുകളുടെ ഫലമായി ഈ വിഷയത്തിൽ ഔദ്യോഗിക സ്ഥിതീകരണം വന്നിട്ടില്ലെങ്കിലും കോഴിക്കോടിന് നിശ്ചയിച്ചിട്ടുള്ള തുകയിൽനിന്നും കുറവ് വരുമെന്ന് പ്രതീക്ഷിക്കുന്നു. കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം ഇക്കാര്യം സംസ്ഥാനത്തെ അറിയിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പി.കെ ബഷീർ. എം.കെ മുനീർ, കെ.പി.എ മജീദ് എന്നിവർ രേഖാമൂലം മറുപടി നൽകി.