തിരുവനന്തപുരം 2024 ലെ ഹജ്ജ് തീർഥാടനത്തിന് കോഴിക്കോട് നിന്നുള്ള വൻ വിമാനനിരക്ക് ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഹജ്ജ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്കും കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി സ്മൃതി ഇറാനിക്കും കത്തെഴുതി. കോഴിക്കോട് നിന്നുള്ള ഹജ്ജ് തീർഥാടകരോടുള്ള വലിയ ദ്രോഹമാണ് ഈ ഉയർന്ന നിരക്ക്.
കേരളത്തിൽനിന്ന് ഏറ്റവും കൂടുതൽ ഹജ്ജ് തീർഥാടകർ പുറപ്പെടുന്ന കേന്ദ്രമാണ് കോഴിക്കോട് വിമാനത്താവളം. കഴിഞ്ഞവർഷം കേരളത്തിൽ നിന്നും 11,556 തീർഥാടകരാണ് ഹജ്ജ് തീർഥാടനം നടത്തിയത്. ഇതിൽ 7045 പേരും കോഴിക്കോട് നിന്നാണ് യാത്രതിരിച്ചത്. ഇത്തവണ ഫസ്റ്റ് ഓപ്ഷനായി 14464 പേരും സെക്കൻഡ് ഓപ്ഷനായി 9670 പേരും കോഴിക്കോട് നിന്ന് യാത്രക്ക് അപേക്ഷ നൽകിയിരുന്നു.
കോഴിക്കോടിനൊപ്പം കൊച്ചിയും കണ്ണൂരുമാണ് ഹജ്ജ് എമ്പാർക്കേഷൻ പോയിൻറ്. കോഴിക്കോട് നിന്ന് ഇത്തവണ 1.60 ലക്ഷം രൂപയാണ് ടിക്കറ്റ് നിരക്ക് കണക്കാക്കിയിരിക്കുന്നത്.
കോഴിക്കോട് നിന്നും എയർ ഇന്ത്യയാണ് സർവീസിന് അർഹത നേടിയത്. ഇത്തവണത്തെ ഉയർന്ന നിരക്ക് കോഴിക്കോട് നിന്നുള്ള തീർഥാടകർക്ക് താങ്ങാൻ കഴിയുന്നതല്ല. നിരക്ക് കുറക്കണം. ഇതിനായി കോഴിക്കോട്ട് നിന്നുള്ള നിരക്ക് നിശ്ചയിക്കാൻ റീ ടെണ്ടർ നടപടി സ്വീകരിക്കാൻ കേന്ദ്രസർക്കാർ തയാറാകണമെന്ന് മന്ത്രി വി. അബ്ദുറഹിമാൻ ആവശ്യപ്പെട്ടു.