ന്യൂഡൽഹി: സ്വവർഗവിവാഹങ്ങൾക്ക് നിയമപരമായ അംഗീകാരം നൽകണമെന്ന പുനഃപരിശോധനാ ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ഹിമ കോഹ്‌ലി, ബി വി നാഗരത്‌ന, നരസിംഹ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹർജികൾ പരിഗണിക്കുക. മുൻപ് പുറപ്പെടുവിപ്പിച്ച വിധിയെ ചോദ്യം ചെയ്തും സ്വവർഗാനുരാഗികളുടെ നിയമപരമായ അംഗീകാരം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടും 13 ഹർജികളാണ് കോടതിക്കു മുന്നിലുള്ളത്. 2023 ഒക്ടോബറിലാണ് സ്വവര്‍ഗവിവാഹം നിയമവിധേയമാക്കണമെന്ന ആവശ്യം സുപ്രിംകോടതി തള്ളിയത്.
പഴയ വിധിക്ക് എതിരായ പുനഃപരിശോധനാഹർജികളിൽ തുറന്നകോടതിയിൽ വാദംകേൾക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളിയിരുന്നു. ഹർജിക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകരായ മനു അഭിഷേക്‌സിങ്ങ്‌വിയും നീരജ്‌കിഷൻകൗളും മേനക ഗുരുസ്വാമിയും തുറന്നകോടതിയിൽ വാദംകേൾക്കണമെന്ന ആവശ്യമുന്നയിച്ചെങ്കിലും ചീഫ്‌ജസ്‌റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഈ ആവശ്യം തള്ളി.
2023 ഒക്‌ടോബർ 17 നാണ് സ്വവർഗബന്ധങ്ങൾ സാമൂഹ്യ യാഥാർഥ്യമാണെന്നത് സുപ്രീംകോടതി അംഗീകരിക്കുകയും ഇത്തരം ബന്ധങ്ങൾ നഗരങ്ങളിലെ വരേണ്യരെമാത്രം ബാധിക്കുന്നതാണെന്ന കേന്ദ്രസർക്കാരിന്റെ വാദം തള്ളുകയും ചെയ്‌തത്. എന്നാൽ, നിയമനിർമാണ അധികാരത്തിൽ ഇടപെടരുതെന്നകേന്ദ്രസർക്കാർ വാദം കോടതി സ്വീകരിച്ചു. സ്വവർഗവിവാഹങ്ങൾക്ക് നിയമപരമായ അംഗീകാരം മൗലികാവകാശമല്ലെന്നും സ്വവർഗപങ്കാളികൾക്ക് ഭീതിയോ വിവേചനമോ ഒറ്റപ്പെടലോയില്ലാതെ ജീവിക്കാനാകണം. അതിനുവേണ്ട ഇടപെടലുകൾ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നടത്തണമെന്നുമായിരുന്നു സ്വവർഗ വിവാഹങ്ങൾക്ക് നിയമസാധുത നിഷേധിച്ച് സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച വിധി.
ഇതിനെതിരെയാണ് പുനഃപരിശോധനാ ഹർജി നൽകിയിരുന്നത്. അന്നത്തെ ബെഞ്ചിലെ ജസ്റ്റിസുമാരായ എസ്.കെ. കൗളും രവീന്ദ്ര ഭട്ടും വിരമിച്ചതിനാൽ അവരുടെ സ്ഥാനത്ത് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബിവി നാഗരത്ന എന്നിവരാണ് പുനഃപരിശോധനാ ബെഞ്ചിലുണ്ടാവുക.
വിവാഹം കഴിക്കാനുള്ള അവകാശം മൗലികാവകാശമാണെന്നും സുപ്രീം കോടതി തന്നെയാണ് സ്വവർഗ ബന്ധങ്ങൾ കുറ്റകരമല്ലാതാക്കിയതെന്നും അഞ്ചംഗ ബഞ്ചിന്റെ പഴയ വിധി ക്വിയർ ദമ്പതികളോട് സുപ്രീം കോടതിയുടെ ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങളിൽ നിന്ന് വീഴ്ച വരുത്തിയതായുമാണ് പുനഃപരിശോധനാ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്.