സ്വവർഗ വിവാഹം: പുനഃപരിശോധനാ ഹർജി തുറന്ന കോടതിയിൽ കേൾക്കണമെന്ന ആവശ്യം പരിഗണിക്കാമെന്ന് സുപ്രീംകോടതി

news image
Nov 23, 2023, 9:59 am GMT+0000 payyolionline.in

ദില്ലി: സ്വവർഗ വിവാഹത്തിന് നിയമ സാധുത നിഷേധിച്ച സുപ്രീംകോടതി വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തുറന്ന കോടതിയിൽ വാദം കേൾക്കണമെന്ന ആവശ്യം പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. ഹർജിക്കാർ കോടതിയിൽ ഈ ആവശ്യം ഉന്നയിച്ചതോടെയാണ് ചീഫ് ജസ്റ്റിസ് ഇക്കാര്യം വ്യക്തമാക്കിയത്. മുതിർന്ന അഭിഭാഷകരായ മുകുൾ രോഹ്തഗി, മേനക ഗുരുസ്വാമി, അരുന്ധതി കട്ജു, കരുണ നുണ്ടി എന്നിവരാണ്, ജഡ്ജിമാരുടെ ചേംബറില്‍ വാദം കേള്‍ക്കുന്നതിനു പകരം തുറന്ന കോടതിയിൽ റിവ്യൂ ഹര്‍ജി പരിഗണിക്കണമെന്ന് കോടതിയോട് ആവശ്യപ്പെട്ടത്.

സ്വവർഗ വിവാഹത്തിന് നിയമ സാധുത നൽകണമെന്ന ആവശ്യം സുപ്രീംകോടതി ഒക്ടോബര്‍ 17ന് തള്ളിയിരുന്നു. സ്വവർഗ പങ്കാളികൾ ഒന്നിച്ചു ജീവിക്കുന്നതിന് തടസ്സമില്ല. എന്നാൽ ഇത് മൗലിക അവകാശമായി അംഗീകരിച്ച് നിയമ സാധുത നൽകാനാവില്ല എന്നാണ് സുപ്രീംകോടതിയുടെ വിധി. സ്വവർഗ വിവാഹത്തിന് നിയമ സാധുത നൽകേണ്ടത് കോടതിയല്ല, പാർലമെൻറ് ആണ് എന്ന നിലപാടിനോട് എല്ലാ ജഡ്ജിമാരും യോജിച്ചു.

പ്രത്യേക വിവാഹ നിയമത്തിലെ നാലാം വകുപ്പ് സ്ത്രീക്കും പുരുഷനും മാത്രമാണ് വിവാഹിതരാകാൻ അവകാശം നല്‍കുത്. ഇത് വിവേചനമാണെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് തന്‍റെ വിധിപ്രസ്താവത്തിൽ പറഞ്ഞു. ജസ്റ്റിസ് എസ് കെ കൗൾ ഇതിനോട് യോജിച്ചു. എന്നാൽ ജസ്റ്റിസുമാരായ എസ് രവീന്ദ്ര ഭട്ട്, ഹിമ കോലി, പി എസ് നരസിംഹ എന്നിവർ ചീഫ് ജസ്റ്റിസിൻറെ നിലപാട് തള്ളുകയായിരുന്നു. കുട്ടികളെ ദത്തെടുക്കാനും സ്വവർഗ്ഗ പങ്കാളികൾക്ക് അവകാശമില്ല. വിവാഹത്തിന് നിയമ സാധുത നൽകാത്തപ്പോൾ തന്നെ സ്വവർഗ്ഗ പങ്കാളികളോട് വിവേചനം ഉണ്ടാകില്ലെന്ന് കേന്ദ്രം ഉറപ്പാക്കണമെന്ന് കോടതി നിർദേശിച്ചിരുന്നു. നവംബര്‍ 28നാണ് പുനഃപരിശോധന ഹർജി സുപ്രീംകോടതി ലിസ്റ്റ് ചെയ്തിരിക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe