സ്‌മാർട്ട്‌മീറ്റർ ടെൻഡർ കെഎസ്‌ഇബി റദ്ദാക്കി ; നടപടി സംസ്ഥാന സർക്കാർ നിർദേശപ്രകാരം

news image
Aug 4, 2023, 2:42 am GMT+0000 payyolionline.in

തിരുവനന്തപുരം: ടോട്ടെക്‌സ്‌ (ടോട്ടൽ എക്‌സ്‌പെന്റിച്ചർ) രീതിയിൽ വൈദ്യുതി സ്‌മാർട്ട്‌ മീറ്റർ സ്ഥാപിക്കാനായി കേന്ദ്ര സർക്കാർ നിർദേശ പ്രകാരം  ആരംഭിച്ച ടെൻഡർ നടപടി കെഎസ്‌ഇബി റദ്ദാക്കി. രണ്ടുമാസത്തെ ബിൽതുക 100 രൂപയിൽ താഴെവരുന്ന 26 ലക്ഷം പേർക്ക്‌ സ്‌മാർട്ട്‌ മീറ്റർ സ്ഥാപിക്കുന്നതിന്റെ പേരിൽ ഓരോ ബില്ലിനുമൊപ്പം 160 രൂപ അധികം അടയ്‌ക്കേണ്ടിവരും.  ഇതടക്കം 100 യൂണിറ്റിൽ താഴെ ഉപയോഗിക്കുന്ന 57 ലക്ഷം പേരുണ്ട്‌.  ഈ പാവപ്പെട്ടവരിൽ വൈദ്യുതി ഉപയോഗത്തിന്റെ പേരിൽ സാമ്പത്തിക ബാധ്യത അടിച്ചേൽപ്പിക്കേണ്ടതില്ലെന്ന നിലപാടെടുത്ത സംസ്ഥാന സർക്കാർ ടെൻഡർ റദ്ദാക്കാൻ നിർദേശം നൽകുകയായിരുന്നു.

 

ആദ്യഘട്ടമായി കേരളത്തിൽ 37 ലക്ഷം സ്‌മാർട്ട്‌ മീറ്റർ സ്ഥാപിക്കാനായിരുന്നു കേന്ദ്ര നിർദേശം. ഇതിന്‌ നിശ്‌ചയിച്ചിരുന്ന 2400 കോടി രൂപയിൽ 15 ശതമാനം കേന്ദ്രം വഹിക്കും. ബാക്കി തുക കരാർ കമ്പനി വഹിച്ച്‌, ഉപയോക്താക്കളിൽനിന്ന്‌ കമ്പനി  തവണകളായി ഈടാക്കുന്നതാണ്‌ കേന്ദ്രത്തിന്റെ ടോട്ടക്‌സ്‌ പദ്ധതി.

ഒരു സ്‌മാർട്ട്‌ മീറ്ററിന്‌   6000 രൂപയാണ്‌ കേന്ദ്ര സർക്കാർ നിശ്‌ചയിച്ചത്‌. എന്നാൽ ഒന്നിന്‌ 9400 രൂപ പ്രകാരം ആകെ 3475 കോടി രൂപയാണ്‌ ടെൻഡറിൽ ക്വാട്ട്‌ ചെയ്‌ത കുറഞ്ഞ തുക. കേന്ദ്ര സർക്കാർ എംപാനൽ ചെയ്‌ത കുത്തക കമ്പനികളാണ്‌ കെഎസ്‌ഇബിയുടെ ടെൻഡറിൽ പങ്കെടുത്തത്‌. ഇത്‌ അംഗീകരിച്ചാൽ ഉപയോക്താക്കൾക്ക്‌ വൻ സാമ്പത്തികബാധ്യത വരുമെന്ന്‌ മനസ്സിലാക്കിയ കെഎസ്‌ഇബി സംസ്ഥാന സർക്കാരിനെ സമീപിക്കുകയായിരുന്നു.

ജനങ്ങളെ കുത്തകക്കമ്പനികൾക്ക്‌ കൊള്ളയടിക്കാൻ വിട്ടുകൊടുക്കുന്ന കേന്ദ്ര  തീരുമാനത്തെ കെഎസ്‌ഇബിയിലെ ജീവനക്കാരുടെയും ഓഫീസർമാരുടെയും സംഘടന ആദ്യംതന്നെ എതിർത്തിരുന്നു. സിഐടിയു, ഐഎൻടിയുസി, എഐടിയുസി തുടങ്ങിയ ട്രേഡ്‌ യൂണിയനുകളും ശക്തമായ പ്രക്ഷോഭവുമായി രംഗത്തുവന്നു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe