സോളർ ഗൂഢാലോചന അന്വേഷണം: യുഡിഎഫ് യോഗം ഇന്ന്

news image
Sep 13, 2023, 4:11 am GMT+0000 payyolionline.in

തിരുവനന്തപുരം ∙ സോളർ തട്ടിപ്പ് കേസ് പ്രതിയെ മുൻനിർത്തി ഉമ്മൻ ചാണ്ടിയെ കുടുക്കാൻ ഗൂഢാലോചന നടന്നെന്ന ആരോപണത്തിൽ എന്ത് അന്വേഷണം ആവശ്യപ്പെടണമെന്ന കാര്യം ഇന്നു യുഡിഎഫ് യോഗത്തിൽ ചർച്ച ചെയ്യും. പ്രതിപക്ഷം ആവശ്യപ്പെട്ടാൽ ഗൂഢാലോചന അന്വേഷിപ്പിക്കാമെന്നു നിയമസഭയി‍ൽ മുഖ്യമന്ത്രിയുടെ വാഗ്ദാനമുണ്ടെങ്കിലും ഇക്കാര്യത്തിൽ സർക്കാരിന്റെ സഹായം വേണ്ടെന്നാണു കോൺഗ്രസിന്റെ തീരുമാനം.

സിബിഐ അന്വേഷിച്ചു റിപ്പോർട്ട് നൽകിയ കേസിൽ, ഗൂഢാലോചനാഭാഗം കൂടി അവർ അന്വേഷിക്കട്ടെയെന്ന അഭിപ്രായത്തിനാണു മുൻഗണന. സിബിഐ തുടരന്വേഷണം നടത്തുന്നതിനു സംസ്ഥാന സർക്കാരിന്റെ അനുമതി ആവശ്യമുണ്ടോയെന്ന നിയമപരിശോധന കോൺഗ്രസ് നേതൃത്വം നടത്തുന്നുണ്ട്. കോടതിയെ സമീപിക്കണമെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. അന്വേഷണത്തിനു സംസ്ഥാന സർക്കാരിനെ സമീപിച്ചാൽ സർക്കാരിനു നിയന്ത്രണമുള്ള ക്രൈംബ്രാഞ്ചോ ഒരുപക്ഷേ ജുഡീഷ്യൽ കമ്മിഷനോ ആകും നടത്തുക. ഇതു വീണ്ടും എൽഡിഎഫ് രാഷ്ട്രീയ നേട്ടത്തിന് ആയുധമാക്കുമെന്ന ആശങ്കയാണുള്ളത്.

ഇന്നു മൂന്നിനു പ്രതിപക്ഷനേതാവിന്റെ ഔദ്യോഗിക വസതിയിൽ ചേരുന്ന യുഡിഎഫ് സംസ്ഥാന ഏകോപന സമിതി യോഗത്തിൽ നേരത്തേ മാറ്റിവച്ച ചില സമരങ്ങൾ തുടരുന്നതിനെക്കുറിച്ചും തീരുമാനമെടുക്കും. സംസ്ഥാന സർക്കാരിനെതിരെ ‘റേഷൻ കട മുതൽ സെക്രട്ടേറിയറ്റ് വരെ’ എന്ന പേരിലുള്ള സമരത്തിന് ഒരുക്കം തുടങ്ങിയിരുന്നെങ്കിലും പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ മാറ്റിയിരുന്നു. പുതുപ്പള്ളിയിലെ ഉപതിരഞ്ഞെടുപ്പ് വിജയവും ലോക്സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളും യോഗം ചർച്ച ചെയ്യും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe