കൊച്ചി: ജഡ്ജിമാരുടെ പേരിൽ കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ ഹൈകോടതി അഭിഭാഷകൻ സൈബി ജോസ് കിടങ്ങൂരിനെതിരെ രജിസ്റ്റർ ചെയ്ത വഞ്ചനാക്കേസ് റദ്ദാക്കി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സൈബി ജോസ് സമർപ്പിച്ച ഹരജിയിലാണ് ഹൈകോടതിയുടെ നടപടി.
2013ൽ നടന്ന സംഭവത്തിന്‍റെ അടിസ്ഥാനത്തിൽ കോതമംഗലം സ്വദേശിയാണ് സൈബി ജോസ് കിടങ്ങൂരിനെതിരെ ചേരാനല്ലൂർ പൊലീസിൽ പരാതി നൽകിയത്. കുടുംബപ്രശ്നങ്ങളെച്ചൊല്ലി പരാതിക്കാരനും ഭാര്യയും തമ്മിലുള്ള കേസിൽ നിന്ന് പിൻമാറാൻ അഞ്ച് ലക്ഷം രൂപ കൈക്കൂലി വാങ്ങി വഞ്ചിച്ചെന്നാണ് പരാതി. പരാതിക്കാരന്‍റെ ഭാര്യയുടെ അഭിഭാഷകനായിരുന്നു സൈബി ജോസ്.
പരാതിക്കാരനും ഭാര്യയും തമ്മിൽ കുടുംബ പ്രശ്നമുണ്ടായിരുന്നു. ശേഷം ഭാര്യ പൊലീസിൽ പരാതി നൽകുകയും നിയമനടപടിയുമായി മുന്നോട്ടു പോകുകയും ചെയ്തു. വിഷയത്തിൽ ഇടപെട്ട സൈബി ജോസ് ഭാര്യയെക്കൊണ്ട് പരാതി പിൻവലിപ്പിക്കുന്നതിന് അഞ്ച് ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് കോതമംഗലം സ്വദേശിയുടെ പരാതി. കേസ് അന്വേഷിച്ച കേരള പൊലീസ് സൈബി ജോസിനെതിരെ തെളിവില്ലെന്ന് റിപ്പോർട്ട് നൽകിയിരുന്നു.