കോഴിക്കോട്: സിപിഎം നേതാവ് ജോർജ് എം തോമസിനെതിരായ മിച്ചഭൂമിക്കേസിൽ പരാതിക്കാരിൽ നിന്ന് തെളിവ് സ്വീകരിക്കാതെ ലാൻഡ് ബോർഡ് ഉദ്യോഗസ്ഥരുടെ ഒത്തുകളി. തോട്ടുമുക്കത്തെ ഭൂമിയിൽ തെളിവെടുപ്പിനെത്തിയപ്പോഴായിരുന്നു ഉദ്യോഗസ്ഥര്‍ പരാതിക്കാരില്‍ നിന്ന് തെളിവ് സ്വീകരിക്കാതെ മുങ്ങാന്‍ ശ്രമിച്ചത്. പരാതിക്കാരുടെ പ്രതിഷേധത്തിനൊടുവിൽ രേഖകൾ സ്വീകരിച്ച് ഉദ്യോഗസ്ഥർ മടങ്ങി.
മിച്ചഭൂമിയെന്ന് 2000ൽ ലാൻഡ് ബോർഡ് കണ്ടെത്തുകയും തിരിച്ചുപിടിക്കാൻ 2003ൽ ഹൈക്കോടതി ഉത്തരവിടുകയും ചെയ്ത കേസിലാണ് താലൂക്ക് ലാൻഡ് ബോർഡ് ഉദ്യോഗസ്ഥരുടെ ഒത്തുകളി. മിച്ചഭൂമിയായ 16 ഏക്കർ 40 സെന്റ് സ്ഥലം ജോർജ് എം തോമസ് കൈവശം വച്ചെന്നായിരുന്നു കണ്ടെത്തൽ. ഈ ഭൂമിയിൽ തന്നെയാണ് ജോർജ് എം തോമസ് വീട് വച്ച് താമസിക്കുന്നതും. പരിശോധനയ്ക്ക് ഉദ്യോഗസ്ഥരെത്തുമ്പോൾ ഇവിടെയെത്തി പരാതിക്കാരോട് തെളിവ് ഹാജരാക്കണമെന്ന വിചിത്ര നിർദ്ദേശമാണ് ലാൻഡ് ബോർഡ് ഉദ്യോഗസ്ഥർ നൽകിയത്. ഇതുപ്രകാരം രേഖകളുമായെത്തിയ പരാതിക്കാരെ കാണാനോ, അവരുടെ ഭാഗം കേൾക്കാനോ ഉദ്യോഗസ്ഥർ തയ്യാറായില്ല. ഓതറൈസ്ഡ് ഓഫീസർ ഉൾപ്പെടെ പരാതിക്കാരുടെ മുന്നിൽപ്പെടാതെ കാറിൽക്കയറി മടങ്ങാൻ ശ്രമിക്കുന്നതിനിടെയായിരുന്നു പ്രതിഷേധം.
മിച്ചഭൂമി കേസിൽ അന്വേഷിച്ച് അടിയന്തര നടപടിയെടുക്കാൻ ലാൻഡ് ബോർഡ് കമ്മീഷണർ നേരത്തെ ഉത്തരവിട്ടിരുന്നു. ഇതുപ്രകാരം കഴിഞ്ഞ മാസം 26ന് ഉദ്യോഗസ്ഥർ പരിശോധനക്കെത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അവസാനനിമിഷം പിന്മാറി. രാഷ്ട്രീയ സ്വാധീനം കൊണ്ടാണ് ജോർജ് എം തോമസിനെ സംരക്ഷക്കുന്ന നിലപാട് ഉദ്യോഗസ്ഥർ സ്വീകരിക്കുന്നതെന്നാണ് ആരോപണം. സംഭവത്തെക്കുറിച്ച് വിശദീകരിക്കാൻ താലൂക്ക് ലാൻഡ് ബോർഡ് ഉദ്യോഗസ്ഥർ തയ്യാറായിട്ടില്ല.