സബ്‌സിഡി പ്രഖ്യാപിച്ച് വെറും ഒരാഴ്ച; ഒഎൻഡിസി വിറ്റത് 10,000 കിലോ തക്കാളി

news image
Aug 1, 2023, 11:55 am GMT+0000 payyolionline.in

ദില്ലി: ഒരാഴ്ചയ്ക്കുള്ളിൽ ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സ് (ഒഎൻഡിസി) വിറ്റത് 10,000 കിലോ തക്കാളി. രാജ്യത്ത് തക്കാളി വില കുതിച്ചുയരുന്ന സാഹചര്യത്തിൽ സർക്കാർ ഒഎൻഡിസി വഴി ഓൺലൈനായി സബ്‌സിഡി നിരക്കിൽ തക്കാളി വില്പന തുടങ്ങിയിരുന്നു. ഒരു കിലോ തക്കാളി 70  രൂപയ്ക്ക് സബ്‌സിഡി നിരക്കിൽ വില്പന നടത്തുമെന്ന് പ്രഖ്യാപിച്ച് ആറ് ദിവസത്തിനുള്ളിൽ 10,000 കിലോ തക്കാളി വിറ്റതായി ഒഎൻഡിസി അറിയിച്ചു. രാജ്യത്ത് തക്കാളി വില 200  കടന്നതോടെയാണ് കേന്ദ്രം സബ്‌സിഡി അനുവദിച്ചത്. ഒഎൻഡിസിയുമായി ചേർന്ന് ഓൺലൈനിലും തക്കാളി ലഭ്യമാക്കിയതോടെ കൂടുതൽ തക്കാളി വിറ്റുപോയതായാണ് റിപ്പോർട്ട്. പ്രതിദിനം 2,000 കിലോഗ്രാം തക്കാളി, നാഷണൽ കോഓപ്പറേറ്റീവ് കൺസ്യൂമർ ഫെഡറേഷൻ എത്തിച്ചെങ്കിലും അത് ഉച്ചയോടെ തന്നെ വിറ്റു തീർന്നതായി ഒഎൻ‌ഡി‌സി മേധാവി ടി കോശി പറഞ്ഞു.

വിളവെടുപ്പ് കുറഞ്ഞതോടെ ആഭ്യന്തര വിപണിയിൽ തക്കാളി വില കുത്തനെ ഉയർന്നതോടെ കഴിഞ്ഞ മാസം എൻസിസിഎഫിനും നാഫെഡിനും കിലോയ്ക്ക് 70 രൂപ നിരക്കിൽ വിൽക്കാൻ കേന്ദ്രസർക്കാർ നിർദേശം നൽകിയിരുന്നു.  രണ്ട് സർക്കാർ സ്ഥാപനങ്ങളും ആന്ധ്രാപ്രദേശ്, കർണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്ന് തുടർച്ചയായി തക്കാളി സംഭരിക്കുകയും തക്കാളി വില അധികമുള്ള ദില്ലി -എൻ‌സി‌ആർ, ബിഹാർ, രാജസ്ഥാൻ തുടങ്ങിയ പ്രധാന ഉപഭോക്തൃ കേന്ദ്രങ്ങളിൽ എത്തിക്കുകയും ചെയ്തു.

ഒഎൻ‌ഡി‌സിയിൽ കുറഞ്ഞത് ഒരാഴ്ചയെങ്കിലും തക്കാളി വില്പന നടത്താനാണ്‌ പദ്ധതിയെന്നും സീറോ ഡെലിവറി നിരക്കിൽ തക്കാളി വിതരണം തുടരുമെന്നും ടി കോശി പറഞ്ഞു. എന്നാൽ ഓരോ ഉപയോക്താവിനും ഓരോ ആഴ്‌ചയും ഓർഡറുകളുടെ എണ്ണം  പരിമിതപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  ഒരു ഉപഭോക്താവിന് ഓർഡർ ചെയ്യാൻ കഴിയുന്ന പരമാവധി അളവ് 2 കിലോ ആണ്.

കഴിഞ്ഞ 15 ദിവസത്തിനുള്ളിൽ സബ്‌സിഡി നിരക്കിൽ 560 ടൺ തക്കാളി വിറ്റതായി എൻസിസിഎഫ് ഞായറാഴ്ച അറിയിച്ചു. ദില്ലി, രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ ജൂലൈ 28 വരെ 560 ടൺ തക്കാളി വിറ്റഴിച്ചതായും മൂന്ന് സംസ്ഥാനങ്ങളിലും വിൽപ്പന തുടരുകയാണെന്നും എൻസിസിഎഫ് മാനേജിംഗ് ഡയറക്ടർ അനീസ് ജോസഫ് ചന്ദ്ര പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe