സപ്ലൈകോയ്ക്ക് 203.9 കോടി രൂപ അനുവദിച്ചുവെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ, കേന്ദ്ര സര്‍ക്കാരിന് വീണ്ടും വിമര്‍ശനം

news image
Feb 24, 2024, 7:22 am GMT+0000 payyolionline.in

തിരുവനന്തപുരം: സംസ്ഥാന സിവിൽ സപ്ലൈസ്‌ കോർപറേഷന്‌ 203.9 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. നെല്ല്‌ സംഭരണത്തിന് സംസ്ഥാന സബ്‌സിഡിയായി 195.36 കോടി രൂപയും, കൈകാര്യ ചെലവുകൾക്കായി 8.54 കോടി രൂപയുമാണ്‌ അനുവദിച്ചത്‌. നെല്ല്‌ സംഭരണത്തിനുള്ള കേന്ദ്ര സർക്കാരിന്റെ താങ്ങുവില സഹായ കുടിശിക അനുവദിക്കാത്ത സാഹചര്യത്തിലാണ് സംസ്ഥാനം അടിയന്തിരമായി തുക ലഭ്യമാക്കിയത്‌. നേരത്തെ രണ്ടു തവണയായി 380 കോടി രൂപയും നൽകിയിരുന്നുവെന്നും മന്ത്രി വാര്‍ത്താക്കുറിപ്പിൽ അറിയിച്ചു.

കേന്ദ്ര സര്‍ക്കാരിന്റെ താങ്ങുവില സഹായത്തിൽ മൂന്നുവർഷത്തെ 763 കോടി രൂപ കുടിശികയുണ്ട്‌. ഈ വർഷത്തെ 388.81 കോടി രൂപയും, കഴിഞ്ഞവർഷത്തെ 351.23 കോടി രൂപയും ലഭിക്കാനുണ്ട്‌. 2021–-22ലെ 23.11 കോടി രൂപയും കുടിശികയാണ്‌. കേന്ദ്ര സർക്കാർ വിഹിതത്തിന്‌ കാത്തുനിൽക്കാതെ, നെല്ല്‌ സംഭരിക്കുമ്പോൾ തന്നെ കർഷകർക്ക് വില നൽകുന്നതാണ്‌ കേരളത്തിലെ രീതി. സംസ്ഥാന സബ്‌സിഡിയും ഉറപ്പാക്കി നെല്ലിന്‌ ഏറ്റവും ഉയർന്ന തുക ലഭ്യമാക്കുന്നതും കേരളത്തിലാണ്‌. മറ്റ്‌ സംസ്ഥാനങ്ങളിൽ കേന്ദ്ര സർക്കാർ താങ്ങുവില നൽകുമ്പോൾ മാത്രമാണ്‌ കർഷകന്‌ നെൽവില ലഭിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു.

 

കേരളത്തിൽ പിആർഎസ്‌ വായ്‌പാ പദ്ധതിയിൽ കർഷകന്‌ നെൽവില ബാങ്കിൽ നിന്ന്‌ ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പലിശയും മുതലും ചേർത്തുള്ള വായ്‌പാ തിരിച്ചടവ്‌ സംസ്ഥാന സർക്കാർ നിർവഹിക്കും. കർഷകൻ നൽകുന്ന ഉൽപാദന ബോണസിന്റെയും വായ്‌പാ പലിശയുടെയും ബാധ്യത സംസ്ഥാന സർക്കാരാണ്‌ തീർക്കുന്നത്‌. ഇതിലൂടെ നെല്ല്‌ ഏറ്റെടുത്താൽ ഉടൻ കർഷകന്‌ വില ലഭിക്കുന്നുവെന്ന്‌ ഉറപ്പാക്കാനാവും. വായ്‌പാ ബാധ്യത ഏറ്റെടുക്കേണ്ടി വരില്ല. കേരളത്തിൽ മാത്രമാണ്‌ നെൽ കർഷകർക്കായി ഇത്തരമൊരു പദ്ധതി നിലവിലുള്ളതെന്നും മന്ത്രി പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe