തിരുവനന്തപുരം: സംസ്ഥാനത്ത് പനി ബാധിതർ കുറയുന്നില്ല. ആശങ്കപ്പെടുത്തുന്ന കണക്കുകൾ തന്നെയാണ് ദിനം പ്രതി പുറത്ത് വരുന്നത്. ഇന്ന് പനി ബാധിച്ചത് 12,965 പേർക്കാണ്. ഇതിൽ, 96 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിരിക്കയാണ്. ഡെങ്കിപ്പനി ബാധിച്ച് ഒരു മരണവും റിപ്പോർട്ട് ചെയ്തിരിക്കുകയാണ്.ഇതിനിടെ, 239 പേർ ഡെങ്കി ലക്ഷണങ്ങളോടെ ചികിത്സ തേടി. സംസ്ഥാനത്ത് മലപ്പുറത്താണ് ഏറ്റവും കൂടുതൽ പനി ബാധിതർ. മലപ്പുറത്ത് കഴിഞ്ഞ ദിവസം അച്ഛനും മകനും മരിച്ചത് എലിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചു. പൊന്നാനി സ്വദേശികളായ 70 കാരനും 44 വയസുളള മകനുമാണ് മരിച്ചത്. പൊന്നാനി സ്വദേശികളായ വാസു, സുരേഷ് എന്നിവരാണ് മരിച്ചത്.
24ാം തീയ്യതിയാണ് അച്ഛൻ വാസു മരിച്ചത്. 28ാം തീയ്യതി മകൻ സുരേഷും മരിച്ചു. തുടർന്ന്, നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് എലിപ്പനി സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് വൈറൽ പനിക്കണക്കിൽ നേരിയ കുറവുണ്ടെങ്കിലും പനി വർധിക്കുന്ന സാഹചര്യമാണുള്ളതെന്ന് ആരോഗ്യരംഗത്തുള്ളവർ പറയുന്നു. ഏതാനും ദിവസമായി 15000 ന് മുകളിലായിരുന്ന വൈറൽ കേസ് ചൊവ്വാഴ്ച 12776 ആയി.
ആറു മാസത്തിനിടെ രോഗബാധമൂലം മരിച്ചത് 27 പേരാണ്. ജൂണിൽ മാത്രം ഒമ്പത് പേരും. ഡെങ്കിപ്പനി കേസിലും വർധനയുണ്ട്. പകര്‍ച്ചപ്പനി വ്യാപനം റിപ്പോര്‍ട്ട് ചെയ്യുന്ന സ്ഥലങ്ങളില്‍ ഫീല്‍ഡ്തല പ്രവര്‍ത്തനം ശക്തിപ്പെടുത്താനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. അധികമായി ജീവനക്കാരെ അനുവദിച്ചാണ് ക്രമീകരണം നടത്തുന്നത്.