തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ചയും വ്യാപക മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇടുക്കി, മലപ്പുറം, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യതയാണ് ഈ ജില്ലകളിലുള്ളത്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ശനിയാഴ്ച മഴ മുന്നറിയിപ്പ് നൽകിയിരുന്നു.
40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. ന്യൂനമർദം രണ്ടുദിവസം കൊണ്ട് ഗുജറാത്ത് തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്നും അതിനാൽ കേരളത്തിൽ അടുത്ത അഞ്ച് ദിവസം ശക്തമായ ഒറ്റപ്പെട്ട മഴ പെയ്യാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഉയർന്ന തിരമാലയുണ്ടാവാനുള്ള മുന്നറിയിപ്പുള്ളതിനാൽ തീരപ്രദേശങ്ങളിൽ കഴിയുന്നവർക്ക് ജാഗ്രത നിർദേശവും നൽകിയിട്ടുണ്ട്. കേരള തീരത്ത് ഞായറാഴ്ച (17-09-2023) വൈകിട്ട് 6.30 വരെ 0.6 മുതൽ 2.0 മീറ്റർ വരെ ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.തെക്കൻ തമിഴ്നാട് തീരത്ത് ഞായറാഴ്ച രാത്രി 11.30 വരെ 0.6 മുതൽ 1.8 മീറ്റർ ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.