കൊച്ചി: സംസ്ഥാനത്തെ മ്യൂസിയങ്ങൾ അന്താരാഷ്ട്രനിലവാരത്തിലേക്കുയർത്താൻ സർക്കാർ നടപടികൾ സ്വീകരിച്ചു വരുകയാണെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ. തൃപ്പൂണിത്തുറ ഹിൽ പാലസിൽ സന്ദർശനത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
നമ്മുടെ ചരിത്രവും സംസ്കാരവും മറ്റുള്ളവരിലേക്കു കൂടുതൽ പകർന്നു കൊടുക്കുക എന്ന ലക്ഷ്യത്തോടെ മ്യൂസിയങ്ങളിലേക്കു വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന തരത്തിലുള്ള പദ്ധതികളാണു നടപ്പാക്കുന്നത്. കാഴ്ചക്കാർക്കു അറിവും അനുഭൂതിയും പകരുന്ന വിധത്തിൽ കഥ പറയുന്ന മ്യൂസിയങ്ങളാണ് ഉദ്ദേശിക്കുന്നത്. ഒന്നാം പിണറായി വിജയൻ സർക്കാരിന്റെ കാലത്തുതന്നെ ഇതിനു തുടക്കമിട്ടിരുന്നു.
അതനുസരിച്ചു സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ ഇത്തരം മ്യൂസിയങ്ങൾ സ്ഥാപിച്ചു വരുന്നു. കോട്ടയത്തെ അക്ഷര മ്യൂസിയം ഇതിന് ഉദാഹരണമായി മന്ത്രി പറഞ്ഞു. ഉത്തര മലബാറിലെ അനുഷ്ഠാന കലയായ തെയ്യത്തിനു വേണ്ടിയും മ്യൂസിയം രൂപപ്പെടുത്തി വരുന്നു. സംസ്ഥാനത്തെ മ്യൂസിയങ്ങളുടെ സ്ഥിതി അവലോകനം ചെയ്യുന്നതിനും പുത്തൻ മ്യൂസിയം നയം ആവിഷ്കരിക്കുന്നതിനുമായി ഒരു അഡീ. ചീഫ് സെക്രട്ടറി അധ്യക്ഷനായ കമ്മിഷന് രൂപം നൽകിയിരുന്നു. അന്താരാഷ്ട്ര-ആഭ്യന്തര വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന തരത്തിലുള്ള മാറ്റങ്ങളാണു മ്യൂസിയങ്ങളിൽ ലക്ഷ്യമിടുന്നത്.
പുരാവസ്തു വകുപ്പിനു കീഴിലെ ഏറ്റവും പ്രധാനപ്പെട്ട മ്യൂസിയമാണ് തൃപ്പൂണിത്തുറ ഹിൽ പാലസ്. വാഹന പാർക്കിംഗ് ഉൾപ്പെടെ പ്രശ്നങ്ങൾ ഇവിടെ ഉണ്ട്. ഇതിനു പരിഹാരമായി 180 വാഹനങ്ങൾക്ക് ഒരേ സമയം പാർക്ക് ചെയ്യാൻ കഴിയുന്ന സംവിധാനം ഈ സാമ്പത്തിക വർഷം അവസാനം പൂർത്തിയാകുമെന്നു മന്ത്രി അറിയിച്ചു.
മാലിന്യ മുക്തം കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി ഹിൽ പാലസിനെ ഹരിത വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുകയാണ്. മ്യൂസിയങ്ങളുടെ ഇത്തരം വിഷയങ്ങൾ പ്രത്യേക നോഡൽ ഏജൻസിയുടെ കീഴിലാണു കൈകാര്യം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
അനൂപ് ജേക്കബ് എം.എൽ.എ, പുരാവസ്തു ഡയറക്ടർ ഇ. ദിനേശൻ, ഹിൽ പാലസ് ചാർജ് ഓഫീസർ കെ.വി. ശ്രീനാഥ് എന്നിവരും പങ്കെടുത്തു.