ഗസ്സ സിറ്റി: വീണ്ടും അഭയാർഥി ക്യാമ്പിനുനേർക്ക് ഇസ്രായേൽ ആക്രമണം. ജബലിയ ക്യാമ്പിലുണ്ടായ വ്യോമാക്രമണത്തിൽ 30 പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ കൂടുതലും സ്ത്രീകളും കുട്ടികളുമാണെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു. 27 പേർക്ക് പരിക്കേറ്റിട്ടുണ്ട്.
ഫലസ്തീൻ അഭയാർഥികൾക്കായുള്ള യുനൈറ്റഡ് നേഷൻസ് റിലീഫ് ആൻഡ് വർക്ക്സ് ഏജൻസി നടത്തുന്ന മൂന്ന് സ്കൂളുകളും ജനസാന്ദ്രതയുള്ള ജബലിയ ക്യാമ്പിലാണ്. മരുന്നുകളുടെയും മെഡിക്കൽ ഉപകരണങ്ങളുടെയും രൂക്ഷമായ ക്ഷാമമാണ് അനുഭവിക്കുന്നതെന്ന് വടക്കൻ ഗസ്സയിലെ ഇന്തോനേഷ്യൻ ആശുപത്രി ഡയറക്ടർ പറഞ്ഞു.
നേരത്തെയും ഈ ക്യാമ്പിനുനേർക്ക് ഇസ്രായേൽ ആക്രമണം നടത്തിയിരുന്നു. ഒക്ടോബർ 9ന് ക്യാമ്പിലെ മാർക്കറ്റിൽ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഇപ്പോഴും ലഭ്യമായിട്ടില്ലെന്നാണ് ആംനസ്റ്റി ഇന്റർനാഷണൽ റിപ്പോർട്ട് ചെയ്യുന്നത്.
ഇന്നലെ അധിനിവേശ വെസ്റ്റ് ബാങ്കിലെ ജെനിൻ അഭയാർഥി ക്യാമ്പിന് നേരെയും ഇസ്രായേൽ ആക്രമണം നടത്തിയിരുന്നു. ഇവിടെ രണ്ട് ഫലസ്തീൻ ആരോഗ്യപ്രവർത്തകർ കൊല്ലപ്പെട്ടിരുന്നു. ഹമാസ് അഭയാർഥി ക്യാമ്പ് കേന്ദ്രമാക്കി പ്രവർത്തിക്കുന്നുണ്ടെന്നും അതുകൊണ്ടാണ് ആക്രമണം നടത്തിയതെന്നുമാണ് ഇസ്രായേൽ ഭാഷ്യം.
ഗസ്സയിലെ അഭയാർഥി ക്യാമ്പുകളും ആരാധനാലയങ്ങളും ലക്ഷ്യമിട്ട് ശക്തമായ ആക്രമണമാണ് നടത്തുന്നത്. വടക്കൻ ഗസ്സയിലെ 20 ആശുപത്രികൾ ഒഴിപ്പിക്കണമെന്ന് കഴിഞ്ഞ ദിവസം ഇസ്രായേൽ ആവശ്യപ്പെട്ടിരുന്നു.
അയൽരാജ്യങ്ങളായ ലബനാനിലേക്കും സിറിയയിലേക്കും ആക്രമണം വ്യാപിപ്പിച്ചിരിക്കുകയാണ് ഇസ്രായേൽ. ഇറാനിൽനിന്ന് ഹിസ്ബുല്ലക്കും ഹമാസിനും ആയുധമെത്തുന്നുവെന്ന് ആരോപിച്ചാണ് ലബനാനിലും സിറിയയിലും ഇസ്രായേൽ ആക്രമണം അഴിച്ചുവിട്ടത്. കനത്ത ബോംബിങ്ങിൽ ദമസ്കസിലെയും അലപ്പോയിലെയും വിമാനത്താവളങ്ങളുടെ റൺവേ തകർന്നതിനെ തുടർന്ന് പ്രവർത്തനം നിർത്തിവെച്ചു. ആക്രമണം ശക്തമാക്കാനെന്ന സൂചന നൽകി ലബനാൻ അതിർത്തിയിലെ കിർയാത് ശമൂന നഗരത്തിൽനിന്ന് 20,000ഓളം പേരെ ഇസ്രായേൽ ഒഴിപ്പിച്ചു.
കിഴക്കൻ ഖാൻ യൂനുസിൽ കടന്ന ഇസ്രായേൽ സേനയുടെ രണ്ട് ബുൾഡോസറുകളും ഒരു ടാങ്കും പിടിച്ചെടുത്തതായി അൽ ഖസ്സാം ബ്രിഗേഡ് അറിയിച്ചു.