തിരുവനന്തപുരം: സിഎംആർഎല്ലിൽ നിന്നും ലഭിച്ച 1.72 കോടിക്ക് മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻറ കമ്പനി എക്സാലോജിക് നിയമപ്രകാരം അടക്കേണ്ട നികുതി അടച്ചുവെന്ന് സര്‍ക്കാര്‍. ഇതുസംബന്ധിച്ച് കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്നാടന് എം.എല്‍.എക്ക് ധനകാര്യ അഡീഷനല്‍ ചീഫ് സെക്രട്ടറി നല്കിയ കത്ത് ലഭിച്ചു. ഈ കത്തിലാണ് വീണ വിജയന് നികുതി അടച്ചുവെന്ന് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. എത്ര തുകയാണ് അടച്ചതെന്നും എന്നാണ് അടച്ചതെന്നുമുള്ള വിവരങ്ങള്‍ കത്തില്‍ പറയുന്നില്ല.
നിയമാനുസരണം അടക്കേണ്ട തുക അടച്ചതായി കാണുന്നുവെന്നാണ് മാത്യു കുഴല്നാടന് നല്കിയ കത്തില്‍ ധനകാര്യ അഡീഷനല്‍ ചീഫ് സെക്രട്ടറി വ്യക്തമാക്കുന്നത്. എക്സാലോജിക് കമ്പനി നികുതി വെട്ടിപ്പ് നടത്തിയെന്ന് മാത്യു കുഴല്നാടന് എം.എല്‍.എ ധനവകുപ്പിന് പരാതി നല്‍കിയിരുന്നു. നേരത്തെ വീണ വിജയന്റെ കമ്പനി നികുതി അടച്ചുവെന്ന് വ്യക്തമാക്കി ജിഎസ്ടി കമ്മീഷണര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ജിഎസ്ടി കമ്മീഷണറുടെ റിപ്പോര്‍ട്ട് സംബന്ധിച്ച വിവരവും നേരത്തെ പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് മാത്യു കുഴല്നാടന് എം.എല്‍.എക്ക് നല്കിയ കത്ത് പുറത്തുവന്നത്.