കണ്ണൂര്‍: വിവാഹപാർട്ടിക്കെത്തുന്നവർക്ക് ആവശ്യമായ വാഹന പാർക്കിങ് സൗകര്യമില്ലാതായതോടെ ഗതാഗതകുരുക്കിലമർന്ന് മേലെചൊവ്വ-വാരം റൂട്ട്. മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തില്‍ നടന്ന വിവാഹപാർട്ടിയെ തുടര്‍ന്നാണ് യാത്രക്കാർ മണിക്കൂറുകളോളം പെരുവഴിയിലായത്. ശനിയാഴ്ച വൈകീട്ട് നാലുമുതൽ മുണ്ടയാട് സ്റ്റേഡിയത്തിൽ നിന്ന് കണ്ണോത്തുംചാല്‍ വരെ രൂക്ഷമായ ഗതഗാത കുരുക്കാണ് അനുഭവപ്പെട്ടത്. ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളുമടക്കം ആയിരക്കണക്കിന് പേരാണ് വിവാഹ പാർട്ടിയിൽ പങ്കെടുത്തത്. വേണ്ടത്ര രീതിയിലുള്ള വാഹന പാർക്കിങ്ങ് സൗകര്യം ഒരുക്കാത്തതിനാലാണ് കുരുക്ക് റോഡിലേക്ക് നീണ്ടത്.
അന്തര്‍സംസ്ഥാന പാതയായതിനാല്‍ നിരവധി ചരക്ക് വാഹനങ്ങളും വഴിയിലായി. മേലെ ചൊവ്വ മുതൽ വാരം വരെ രൂക്ഷമായ ഗതാഗത കുരുക്കാണ് അനുഭവപ്പെട്ടത്. വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങേണ്ട സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ഗതാഗതക്കുരുക്കിൽ അകപ്പെട്ട് പെരുവഴിയിലായി. ആംബുലന്‍സിനു പോലും കണ്ണൂര്‍ ഭാഗത്തേക്ക് പ്രവേശിക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു. ടൗൺ, ട്രാഫിക് പൊലിസ് യൂനിറ്റ് ഉള്‍പ്പെടെയെത്തി കുരുക്കഴിക്കാൻ ശ്രമിച്ചെങ്കിലും രാത്രി വൈകിയും ശ്രമം നടന്നില്ല.