‘വയനാട് കത്തിക്കണം’, സമൂഹ മാധ്യമങ്ങളിൽ ശബ്ദ സന്ദേശം പ്രചരിക്കുന്നു; കലാപാഹ്വാനത്തിന് കേസെടുത്തു

news image
Feb 16, 2024, 1:42 pm GMT+0000 payyolionline.in

കൽപ്പറ്റ: വയനാട് കത്തിക്കണമെന്ന് സമൂഹ മാധ്യമങ്ങളിൽ ശബ്ദ സന്ദേശം പ്രചരിക്കുന്നു. സംഭവത്തിൽ കലാപാഹ്വാനത്തിന് പോലീസ് കേസെടുത്തു. കുറുവാ ദ്വീപ് റോഡിലെ വനമേഖലയില്‍ ചെറിയമലയിൽ വി.എസ്.എസ് ജീവനക്കാരന്‍ പോളിനെ കാട്ടാന ആക്രമിച്ചതിനെ തുടര്‍ന്നാണ് ശബ്ദസന്ദേശം പ്രചരിച്ചത്. അദ്ദേഹത്തെ മാനന്തവാടി ആശുപത്രിയില്‍ പ്രവേശിപ്പിച്ച പശ്ചാത്തലത്തിലായിരുന്നു ഇത്. ശബ്ദ സന്ദേശം പ്രചരിപ്പിച്ചതിനെതിരെ മാനന്തവാടി പോലീസ് കാലാപ ആഹ്വാനത്തിന് സ്വമേധയാ കേസെടുക്കുകയായിരുന്നു.എയര്‍ ആംബുലന്‍സ് മാറ്റി രോഗിയെ രണ്ടാമതും എമര്‍ജന്‍സി ശസ്ത്രക്രിയക്ക് കയറ്റിയതായും എന്തെങ്കിലും സംഭവിച്ചാല്‍ വയനാട് കത്തിക്കണം എന്നും അതിനായി എല്ലാവരും ഒരുങ്ങിയിരിക്കണമെന്നുമാണ് ശബ്ദ സന്ദേശത്തിൽ പറയുന്നത്. ശബ്ദ സന്ദേശം പ്രചരിപ്പിച്ച ആൾക്കായി പോലീസ് അന്വേഷണം തുടങ്ങി.

കുറുവാ ദ്വീപ് വനസംരക്ഷണ സമിതി (വി.എസ്.എസ്) ജീവനക്കാരനായ പോള്‍ ജോലിക്കായി പോകുന്ന വഴി ആനക്കൂട്ടത്തിന് മുന്നില്‍പ്പെടുകയായിരുന്നു. ഭയന്നോടിയപ്പോള്‍ താന്‍ കമിഴ്ന്ന് വീണെന്നും പിന്നാലെ വന്ന കാട്ടാന ചവിട്ടിയെന്നുമാണ് പോള്‍ പറഞ്ഞത്. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ സഹപ്രവര്‍ത്തകരാണ് പോളിനെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചത്. പിന്നാലെ പോളിന്‍റെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe