വന്ദനയുടെ കൊലപാതകം: ഉത്തരവാദി ഡി.ജി.പി; ഒറ്റപ്പെട്ട സംഭവമായി തള്ളിക്കളയരുതെന്ന് ഹൈകോടതി

news image
May 11, 2023, 7:58 am GMT+0000 payyolionline.in

കൊച്ചി: വന്ദനയുടെ കൊലപാതകത്തിൽ ഉത്തരവാദി സംസ്ഥാന പൊലീസ് മേധാവി​ തന്നെയെന്ന് ഹൈകോടതി. വന്ദനയുടെ കൊലപാതകത്തിൽ സംസ്ഥാനത്തെ മുഴുവൻ സംവിധാനങ്ങളും പരാജയപ്പെട്ടു. നമ്മുടെ സംവിധാനമാണ് വന്ദനയുടെ മരണത്തിനിടയാക്കിയത്. ഇതേ സംവിധാനം തന്നെയാണ് വന്ദനയുടെ മാതാപിതാക്കൾക്ക് തീരാ ദുഃഖം നൽകിയത്. ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രൻ, കൗസർ എടപ്പഗത്ത് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ദാരുണ സംഭവത്തിൽ ഇന്നും വിമർശനം ഉന്നയിച്ചത്.

സർക്കാർ വിഷയത്തെ അലസമായി കാണരുതെന്ന് ഹൈകോടതി മുന്നറിയിപ്പ് നൽകി. സംഭവത്തെ ന്യായീകരിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇതും ഒറ്റപ്പെട്ട സംഭവമായി കാണരുത്. അന്വേഷണം വന്ദനക്ക് വേണ്ടിയാണ് നടത്തേണ്ട​തെന്നും ഹൈകോടതി നിർദേശിച്ചു.

അതേസമയം, വ​ന്ദനയുടെ കൊലപാതകം സംബന്ധിച്ച് എ.ഡി.ജി.പി ഇന്ന് കോടതിയിൽ വിശദീകരണം നൽകി. കുറ്റകൃത്യം നടന്നത് എങ്ങനെയെന്ന് ഹൈകോടതിയിൽ എ.ഡി.ജി.പി വിശദീകരിച്ചു. നാല് മിനിറ്റ് കൊണ്ടാണ് ആശുപത്രിയിൽ എല്ലാം സംഭവിച്ചത്. സന്ദീപ് ആദ്യം ആക്രമിച്ചത് ബന്ധുവിനെയാണ്. പിന്നീട് പൊലീസിനെതിരെ തിരിഞ്ഞു. മൂന്നാമതാണ് വന്ദനക്കെതിരെ തിരിഞ്ഞത്. എല്ലാവരേയും സുരക്ഷിതമായി മുറിയിലേക്ക് മാറ്റിയെങ്കിലും വന്ദനയെ മാറ്റാൻ സാധിച്ചില്ലെന്നും എ.ഡി.ജി.പി വിശദീകരിച്ചു. ആക്രമണം നടക്കുമ്പോൾ തടയാൻ പൊലീസിന്റെ കൈയിൽ ആയുധമുണ്ടായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

യുവ ഡോക്ടറെ ക്രിമിനൽ കേസ് പ്രതി ആശുപത്രിയിൽവെച്ച് കുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ സംസ്ഥാന സർക്കാറിനും പൊലീസിനും കഴിഞ്ഞ ദിവസവും ഹൈകോടതിയുടെ രൂക്ഷ വിമർശനമുണ്ടായിരുന്നു. ഡോക്ടർമാരെ സംരക്ഷിക്കാൻ കഴിയില്ലെങ്കിൽ ആശുപത്രി പൂട്ടിയിടൂവെന്ന് ഹൈകോടതി പറഞ്ഞു.

മെഡിക്കൽ വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യ സർവകലാശാല സമർപ്പിച്ച അടിയന്തര ഹരജിയിൽ പ്രത്യേക സിറ്റിങ് നടത്തവെയാണ് ഹൈകോടതി പൊതുസംവിധാനങ്ങളുടെ വീഴ്ചകൾ ചൂണ്ടിക്കാട്ടിയത്.

അക്രമങ്ങൾ ചെറുക്കാനുള്ള മുൻകൂർ നടപടിക്ക് വേണ്ടിയല്ലേ സുരക്ഷാ സംവിധാനങ്ങളെന്ന് കോടതി ചോദിച്ചു. പൊലീസിന്‍റെ കൈയിൽ തോക്ക് ഉണ്ടായിരുന്നില്ലേ?. ആർക്ക് എന്ത് പറ്റിയാലും അവിടെയുള്ള സ്ത്രീകൾക്ക് സംരക്ഷണം നൽകണമായിരുന്നുവെന്നും ഹൈകോടതി കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു. ഇന്ത്യയിൽ എവിടെയെങ്കിലും ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ടോ?. ഡോക്ടറുടെ അടുത്ത് പ്രതിയെ ഒറ്റക്ക് നിർത്തണമെന്ന സർക്കാർ ഉത്തരവ് ദുരന്തമാണ്. ഡോക്ടറുടെ മുന്നിൽ പ്രതികളെ കൊണ്ടു വരുന്നതിന് പ്രോട്ടോകോൾ വേണം. കോടതിയിൽ സർക്കാർ നൽകിയ ഉറപ്പ് ലംഘിക്കപ്പെട്ടു. കേട്ടുകേൾവിയില്ലാത്ത സംഭവമാണ് നടന്നതെന്നും ഹൈകോടതി വ്യക്തമാക്കിയിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe