ദില്ലി:വനിത സംവരണ ബില്ലിന്മേൽ പുതിയ പാർലമെൻ്റ് മന്ദിരത്തിലെ ലോക്സഭയിൽ ഇന്ന് ചർച്ച നടക്കും. പ്രതിപക്ഷത്ത് നിന്ന് സോണിയ ഗാന്ധിയും, ഭരണപക്ഷത്ത് നിന്ന് മന്ത്രി സ്മൃതി ഇറാനിയും ആദ്യം ചർച്ചയിൽ പങ്കെടുക്കുമെന്നാണ് വിവരം. ബിൽ നാളെ രാജ്യസഭയിലും അവതരിപ്പിക്കും. അഡ്വക്കേറ്റസ് ഭേദഗതി ബില്ലടക്കം ഇന്ന് സഭയിൽ വരാനിടയുണ്ട്.
ഇന്നലെയാണ് വനിത ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത്. നിയമമന്ത്രി അർജുൻ റാം മേഘ് വാളാണ് ബിൽ അവതരിപ്പിച്ചത്. മണ്ഡല പുനർനിർണ്ണയത്തിൻറെ അടിസ്ഥാനത്തിൽ സംവരണ സീറ്റുകൾ മാറ്റി നിശ്ചയിക്കും. പട്ടികവിഭാഗ സംവരണ സീറ്റുകളിലും മൂന്നിലൊന്ന് സീറ്റുകൾ സ്ത്രീകൾക്ക് സംവരണം ചെയ്യും. അതേ സമയം ഇന്ത്യൻ ജനാധിപത്യ ചരിത്രത്തില്‍ പുതിയ അധ്യായത്തിന് തുടക്കമിട്ട് പുതിയ പാര്‍ലമെന്‍റ് മന്ദിരം തുറന്നു. പഴയ പാര്‍ലമെന്‍റ് മന്ദിരത്തിലെ സെന്‍ട്രല്‍ ഹാളില്‍ ചേര്‍ന്ന സംയുക്ത സമ്മേളനത്തിന് ശേഷം പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ എംപിമാര്‍ കാല്‍നടയായി പുതിയ മന്ദിരത്തിലേക്ക് എത്തുകയായിരുന്നു.
അതേസമയം, പാർലമെന്റിൽ നടപ്പിലാക്കുന്ന വനിതാ സംവരണ ബില്ലിൽ പിന്നോക്ക എസ് സി, എസ് ടി വിഭാഗങ്ങൾക്ക് പ്രത്യേക സംവരണം ഏർപ്പെടുത്തണമെന്ന് ബിഎസ് പി നേതാവ് മായാവതി പറഞ്ഞു. ബില്ലിനെ പിന്തുണക്കുന്നുവെന്നും മായാവതി വ്യക്തമാക്കി. 33ന് പകരം 50 % സംവരണം നിയമസഭകളിലും ലോക്സഭയിലും ഏർപ്പെടുത്തതിനെ കുറിച്ച് സർക്കാർ ആലോചിക്കണമെന്നും മായാവതി പറഞ്ഞു.