ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങി കര്‍ഷക സംഘടനകൾ; തിരിച്ചടിയാവുക ഇടത്-വലത് മുന്നണികൾക്ക്

news image
Feb 27, 2024, 5:18 am GMT+0000 payyolionline.in

തിരുവനന്തപുരം: വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇടുക്കിയിലും വയനാട്ടിലും സ്ഥാനാർത്ഥികളെ നിര്‍ത്താൻ സ്വതന്ത്ര കർഷക സംഘടനകളുടെ കൂട്ടായ്മ അതിജീവന പോരാട്ട വേദി തീരുമാനിച്ചു. കർഷകർക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാത്ത ഇടത്-വലത് മുന്നണികൾക്ക് ഭീഷണി ഉയർത്തുകയാണ് ലക്ഷ്യം. മാർച്ച് പത്തിന് നടക്കുന്ന യോഗത്തിൽ ഇത് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കും.

സംസ്ഥാനത്തൊട്ടാകെ വന്യമൃഗ ആക്രമണങ്ങളിലും പട്ടയ-ഭൂപ്രശ്നങ്ങളിലും സമര രംഗത്തുള്ള അറുപതിലധികം സംഘടനകളുണ്ട്. ഇവർ ഒറ്റക്കെട്ടായി തരെഞ്ഞെടുപ്പിൽ രംഗത്തിറങ്ങാനാണ് ആലോചന. മനുഷ്യ-വന്യമൃഗ സംഘർഷം രൂക്ഷമായ മണ്ഡലങ്ങളാണ് മത്സരത്തിനായി തെരഞ്ഞെടുത്തരിക്കുന്നത്. 1964 –ലെ ഭൂപതിവ് ഭേദഗതി നിയമത്തിലെ കർഷക ദ്രോഹ നയങ്ങൾ ഒഴിവാക്കണമെന്ന നിർദ്ദേശം അംഗീകരിക്കാത്തതും, വന വിസ്തൃതി കൂട്ടുന്നതിന് കർഷകരുടെ ഭൂമി ഏറ്റെടുക്കാൻ ശ്രമം നടത്തുന്നതും ഇതിന് കാരണമായിട്ടുണ്ട്. ഇടത് വലത് മുന്നണികള്‍ക്കെതിരായാണ് സ്വതന്ത്ര കര്‍ഷക സംഘടനകളുടെ നീക്കം. എങ്കിലും കടുത്ത വിമര്‍ശനം സംസ്ഥാന സര്‍ക്കാരിനെതിരെയാണ്.

സിപിഐ സ്ഥാനാർത്ഥികൾക്കെതിരെ പ്രചാരണം നടത്താനും തീരുമാനിച്ചിട്ടുണ്ട്. കടുത്ത മത്സരത്തിന് കളമൊരുങ്ങുന്ന ഇടുക്കിയിലും വയനാട്ടിലും കർഷക സംഘടന സ്ഥാനാർത്ഥികൾ കൂടി രംഗത്തെത്തിയാൽ മുന്നണികള്‍ക്ക് വലിയ തലവേദനയാകും. ഇതിന് തടയിടാനുള്ള ശ്രമങ്ങളും അണിയറയിൽ തുടങ്ങിയിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe