ലോക്‌സഭ തെരഞ്ഞെടുപ്പ് കാലത്തും മുഖ്യമന്ത്രിക്കായി പിആർ; ചില മാധ്യമപ്രവർത്തകരെ കേരളത്തിലേക്ക് ക്ഷണിച്ചു

news image
Oct 3, 2024, 7:06 am GMT+0000 payyolionline.in

ദില്ലി: മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ലോക്സഭ തെരഞ്ഞെടുപ്പ് കാലത്തും പി ആർ ഏജൻസി ഇടപെട്ടിരുന്നുവെന്ന് വിവരം. ചില മാധ്യമപ്രവർത്തകരെ കേരളത്തിലേക്ക് ക്ഷണിച്ചു. ചോദ്യങ്ങൾ നേരത്തെ എഴുതി നല്കാൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇത്തവണയും ചോദ്യങ്ങൾ നേരത്തെ വാങ്ങി. ചോദ്യങ്ങൾ നൽകാം, പക്ഷേ ചിലപ്പോൾ അഭിമുഖത്തിന് ഇടയ്ക്കും ചോദ്യങ്ങൾ ചോദിക്കേണ്ടി വരുമെന്ന് മാധ്യമപ്രവർത്തകർ പറഞ്ഞു.

ഇത്തവണ ദ ഹിന്ദു, ഹിന്ദുസ്ഥാൻ ടൈംസ്, ഇക്കണോമിക് ടൈംസ് എന്നിവയിൽ അഭിമുഖം വരുത്താനാണ് പിആർ ഏജൻസി ശ്രമിച്ചത്. ഈ പത്രങ്ങളിലെ മാധ്യമപ്രവർത്തകരെ വിളിച്ച് ചോദ്യങ്ങൾ എന്തെല്ലാമെന്ന് അറിയിക്കാൻ പറഞ്ഞു. പക്ഷേ ദ ഹിന്ദുവിന് മാത്രമാണ് നിലവിൽ അഭിമുഖം നൽകിയത്. അതിനിടെയാണ് വിവാദമുണ്ടായത്.

അതേസമയം പി ആർ ഏജൻസി വിവാദം സംബന്ധിച്ച് മുഖ്യമന്ത്രി വിശദീകരിക്കാത്തത്തിൽ ഇടതു മുന്നണിയിലെ ഘടക കക്ഷികൾക്ക് അതൃപ്തിയുണ്ട്. പിആർ ഏജൻസി പറഞ്ഞ പ്രകാരമാണ് മലപ്പുറവുമായി ബന്ധപ്പെട്ട വിവാദ വാചകങ്ങൾ ഉൾപ്പെടുത്തിയതെന്ന്  ദ ഹിന്ദു ദിനപത്രം നൽകിയ വിശദീകരണം പുറത്തുവന്ന് രണ്ട് ദിവസമായിട്ടും തള്ളാത്തത് സംശയങ്ങൾ കൂട്ടുന്നു എന്നാണ് വിലയിരുത്തൽ. എന്നാൽ ഇക്കാര്യത്തിൽ മുഖ്യമന്ത്രിയും ഓഫീസും മൗനം തുടരുകയാണ്.  ഇന്ന് ചേരുന്ന സിപിഐ എക്സ്യൂട്ടീവ് യോഗം പിആർ ഏജൻസി വിവാദവും ചർച്ച ചെയ്യും. സിപിഎം സെക്രട്ടേറിയറ്റ് യോഗവും ഇന്ന് നടക്കുന്നുണ്ട്.

അതേസമയം മുഖ്യമന്ത്രിയുടെ അഭിമുഖം തയ്യാറാക്കിയതിലെ പങ്ക് ദില്ലി ആസ്ഥാനമായിട്ടുള്ള പിആര്‍ ഏജന്‍സി കെയ്സണ്‍ സ്ഥിരീകരിച്ചു. അഭിമുഖത്തിന് സൗകര്യമൊരുക്കിയത് എജൻസിയുടെ പൊളിറ്റിക്കൽ വിങാണെന്ന് കെയ്സണ്‍ ഗ്രൂപ്പ് പ്രസിഡന്‍റ് നിഖിൽ പവിത്രൻ  പറഞ്ഞു. അഭിമുഖ സമയത്ത് താൻ ഒപ്പമില്ലായിരുന്നുവെന്നും നിഖിൽ പവിത്രൻ വിശദീകരിച്ചു.

മലപ്പുറത്ത് സ്വർണ്ണക്കടത്ത് നടക്കുന്നുണ്ടെന്നും അത് ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുണ്ടെന്നുമുള്ള അഭിമുഖത്തിലെ പരാമർശമാണ് വിവാദത്തിനിടയാക്കിയത്. എന്നാൽ ഏതെങ്കിലുമൊരു സ്ഥലത്തേയോ പ്രദേശത്തേയോ പരാമർശിച്ചിട്ടില്ല. വാർത്തയിലെ തെറ്റായ വ്യാഖ്യാനം അനാവശ്യ ചർച്ചക്കും വിവാദങ്ങൾക്കും വഴിവെച്ചെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നേരത്തെ വിശദീകരിച്ചത്. എന്നാൽ മലപ്പുറം പരാമർശം യഥാർത്ഥ അഭിമുഖത്തിലേതല്ലെന്നും ആ പരാമർശം പിആർ ഏജൻസിയുടെ ആവശ്യപ്രകാരം ഉൾപ്പെടുത്തിയതാണെന്നുമുള്ള ദ ഹിന്ദുവിന്‍റെ വിശദീകരണം മുഖ്യമന്ത്രിയെ കൂടുതൽ വെട്ടിലാക്കിയിരിക്കുകയാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe