ലൈംഗികാതിക്രമ കേസ്: എം. രാധാകൃഷ്ണനെ പ്രസ് ക്ലബിൽനിന്ന് പുറത്താക്കണമെന്നും വനിത മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മ

news image
Mar 6, 2024, 9:24 am GMT+0000 payyolionline.in

തിരുവനന്തപുരം: എം. രാധാകൃഷ്ണനെതിരെ വീണ്ടും ലൈംഗികാതിക്രമ കേസ് ഉണ്ടായ സാഹചര്യത്തിൽ പ്രസ് ക്ലബിൽനിന്ന് പുറത്താക്കണമെന്നും വനിത മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മ (നെറ്റ് വർക്ക് ഓഫ് വിമെൻ ഇൻ മീഡിയ-എൻ.ഡബ്ല്യു.എം.ഐ). പ്രസ് ക്ലബ്ബ് പ്രസിഡന്റ് സ്ഥാനത്ത് രാധാകൃഷ്ണൻ ഇനിയും തുടരുന്നത് മാധ്യമപ്രവര്‍ത്തകരുടെ വിശ്വാസ്യതക്ക് ഭംഗമേല്‍പിക്കുന്ന കാര്യമാണെന്നും പ്രസ്ഥാവനയിൽ അറിയിച്ചു.

അഞ്ച് വര്‍ഷം മുന്‍പ് മാധ്യമപ്രവർത്തകയുടെ വീട്ടില്‍ കയറി സദാചാര ആക്രമണം നടത്തിയ രാധാകൃഷ്ണനെതിരേ വീണ്ടും അതീവഗുരുതരമായ പരാതിയാണ് നൽകിയത്. രാധാകൃഷ്ണൻ നടുറോഡില്‍ വെച്ച് ഒരു സ്ത്രീയോട് ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും മോശമായി ആംഗ്യം കാണിച്ച ശേഷം അവര്‍ പ്രതികരിച്ചപ്പോള്‍ അവിടെ നിന്ന് രക്ഷപ്പെട്ടെന്നുമാണ് കന്റോണ്‍മെന്റ് പൊലീസ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നത്. ഐ.പി.സി സെക്ഷൻ 354 എ ചുമത്തി പ്രതി ചേർത്താണ് പൊലീസ് റിപ്പോർട്ട് കൊടുത്തിരിക്കുന്നത്.

2019 ല്‍ മാധ്യമപ്രവർത്തകയുടെ വീട്ടില്‍ അതിക്രമിച്ചു കടന്ന് സദാചാര ആക്രമണം നടത്തിയ കേസില്‍ കോടതി വിചാരണ നേരിടുന്ന ആളാണ് രാധാകൃഷ്ണന്‍. വനിതാ മാധ്യമപ്രവര്‍ത്തകരുടെ നിരന്തര സമരത്തെ തുടര്‍ന്ന് രാധാകൃഷണനെ കുറച്ച് കാലത്തേക്ക് പ്രസ് ക്ലബ്ബില്‍ നിന്ന് പുറത്താക്കിയെങ്കിലും തിരുവനന്തപുരത്തെ ചില മാധ്യമ പ്രവര്‍ത്തകരുടെ പിന്തുണയോടെ പ്രസിഡന്റ് ആയി തുടരുകയാണ്.

ഇതില്‍ പ്രതിഷേധിച്ച് വലിയൊരു വിഭാഗം വനിതാ മാധ്യമ പ്രവര്‍ത്തകര്‍ പ്രസ് ക്ലബ് വിട്ടിട്ട് കാലങ്ങളായി. എൻ.ഡബ്ല്യു.എം.ഐ നിരവധി സമരങ്ങൾ നടത്തിയിട്ടും ഒരു വലിയവിഭാഗം പുരുഷ മാധ്യമപ്രവർത്തകരുടെ പിന്തുണയിൽ പ്രസ് ക്ലബ് പ്രസിഡന്റ് ആയി തുടരുകയാണ്. രാധാകൃഷ്ണന്റെ ക്രിമിനൽ പ്രവൃത്തികൾക്ക് അതൊരു പ്രോത്സാഹനവുമായി.

2019 ലെ കേസിനെ തുടര്‍ന്ന് ജോലി ചെയ്തിരുന്ന മാധ്യമ സ്ഥാപനം രാധാകൃഷ്ണനെ പുറത്താക്കിയിരുന്നു. എന്നിട്ടും മാധ്യമപ്രവർത്തകന്റെ വ്യാജമേലങ്കിയണിഞ്ഞ് പ്രസ് ക്ലബ് നേതൃസ്ഥാനത്തിരുന്ന് ഗുരുതര കുറ്റകൃത്യങ്ങൾ തുടരുകയാണ് രാധാകൃഷ്ണൻ.

കേസിലെ നടപടി പൊലീസ് വേഗത്തിലാക്കണമെന്ന് വനിതാ മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ എൻ.ഡബ്ല്യു.എം.ഐ ആവശ്യപ്പെടുകയാണ്. ഈ വിഷയത്തില്‍ നീതി നിർവഹണം തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ ഭാഗത്തു നിന്ന് ഇനിയെങ്കിലുമുണ്ടാകണമെന്നും രാധാകൃഷ്ണനെ പുറത്താക്കണമെന്നും ആവശ്യപ്പെട്ടു. ഇത്ര കാലം കഴിഞ്ഞും പ്രസ് ക്ലബും തിരുവനന്തപുരത്തെ വലിയൊരു മാധ്യമ സമൂഹവും ഇത്രയും ഗുരുതര കുറ്റകൃത്യം ചെയ്തയാളെ സംരക്ഷിക്കുകയും പ്രസ് ക്ലബ് പ്രസിഡന്റ് സ്ഥാനം നല്‍കി ആദരിക്കുകയും ചെയ്യുന്നത് യാതോരു വിധത്തിലും പൊറുക്കാനാവുന്നതല്ലെന്നും എൻ.ഡബ്ല്യു.എം.ഐ പ്രസ്താവനയിൽ ഓർമിപ്പിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe