റോഡ് ക്യാമറകളിൽ പതിയുന്ന നിയമലംഘനങ്ങൾക്ക് മേയ് 19 വരെ പിഴയില്ലെങ്കിലും ചലാൻ; സർക്കാർ ഉത്തരവിറക്കും

news image
May 2, 2023, 3:33 pm GMT+0000 payyolionline.in

തിരുവനന്തപുരം: റോഡ് ക്യാമറകളിൽ പതിയുന്ന നിയമലംഘനങ്ങൾക്ക് ചലാൻ അയയ്ക്കാൻ സർക്കാർ ഉത്തരവിറക്കും. ഏപ്രിൽ 20ന് 726 റോഡ് ക്യാമറകൾ ഉദ്ഘാടനം ചെയ്തെങ്കിലും മേയ് 19 വരെ പിഴ ഈടാക്കില്ലെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. ബോധവൽക്കരണത്തിന്റെ ഭാഗമായി പിഴ വ്യക്തമാക്കുന്ന ചലാൻ മാത്രം അയയ്ക്കാനായിരുന്നു തീരുമാനം. പിഴ ഈടാക്കാതെ ചലാൻ മാത്രമായി അയയ്ക്കുന്നത് നിയമ പ്രശ്നത്തിന് ഇടയാക്കുമെന്നതിനാലാണ് സർക്കാർ ഉത്തരവിറക്കുന്നത്.

മേയ് 19 വരെ പിഴ ഈടാക്കില്ലെന്ന് ഉത്തരവിൽ വ്യക്തമാക്കും. ഉത്തരവ് ഇന്നോ നാളെയോ ഇറങ്ങുമെന്ന് മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഏതു മാതൃകയിലാണു ചലാൻ അയയ്ക്കേണ്ടതെന്നു ഗതാഗത വകുപ്പ് നിർദേശം നൽകിയിട്ടില്ലെന്നും നിർദേശം ലഭിച്ചാൽ നടപടികൾ ആരംഭിക്കുമെന്നും കെൽട്രോൺ അധികൃതർ പറഞ്ഞു. ഒരു മാസം 25 ലക്ഷം ചലാനുകൾ അയയ്ക്കാൻ കഴിയും. ചലാൻ അയയ്ക്കുന്ന പ്രവർത്തനത്തിനായി കൺട്രോൾ റൂമുകളില്‍ 140 ജീവനക്കാരെ നിയോഗിക്കും. ഇതിനോടകം 70 ജീവനക്കാരെ നിയമിച്ചു.

ക്യാമറകൾ നിയമലംഘനങ്ങളുടെ ഫോട്ടോ മാത്രം കേന്ദ്ര കൺട്രോൾ റൂമിലേക്ക് അയയ്ക്കും. ജീവനക്കാർ കംപ്യൂട്ടറിൽ ദൃശ്യങ്ങൾ പരിശോധിച്ച് ഉറപ്പു വരുത്തിയശേഷം കേന്ദ്ര സർക്കാരിന്റെ ഐടിഎംഎസ് (ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് മാനേജ്മെന്റ് സിസ്റ്റം) സെർവറിലേക്ക് അപ്‌ലോഡ് ചെയ്യും. മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർമാർ ഈ ഡേറ്റ ഡൗൺലോഡ് ചെയ്തു പരിശോധിക്കുമെന്ന് കെൽട്രോൺ അധികൃതർ പറ‍ഞ്ഞു.

നിയമലംഘനങ്ങൾ ബോധ്യപ്പെട്ടാൽ അംഗീകാരം നൽകി ഇ ചലാൻ അയയ്ക്കാനായി ഐടിഎംഎസ് സെർവറിലേക്ക് അയയ്ക്കും. വാഹനത്തിന്റെ വിവരങ്ങൾ വാഹൻ സോഫ്റ്റ്‌വെയറിൽനിന്നു ലഭിക്കും. വാഹന ഉടമകളുടെ നമ്പരിലേക്ക് എസ്എംഎസ് പോകും. അതോടൊപ്പം സർക്കാരിന്റെ കൺട്രോൾ റൂമിലേക്കും ചലാൻ കോപ്പി എത്തും. പരമാവധി ആറു മണിക്കൂറിനകം ചലാൻ ജനറേറ്റ് ആകും. നിയമപ്രകാരം തപാൽ വഴിയാണ് ചലാൻ വാഹന ഉടമയ്ക്ക് അയക്കേണ്ടത്. ചലാന്റെ കോപ്പി എടുത്ത് ഉദ്യോഗസ്ഥരുടെ ഒപ്പ് രേഖപ്പെടുത്തി അയയ്ക്കുമെന്നും അറിയിച്ചിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe