റൂട്ടുകൾ പരിഷ്കരിക്കും; വെയർ ഈസ് മൈ കെഎസ്ആർടിസി ആപ്പ് കൊണ്ടുവരും’: ഗതാഗത മന്ത്രി

news image
Jan 17, 2024, 1:11 pm GMT+0000 payyolionline.in

തിരുവനന്തപുരം: ചെലവ് കുറച്ച് വരവ് പരമാവധി കൂട്ടിക്കൊണ്ടു വന്നാൽ മാത്രമേ കെഎസ്ആർടിയിസുടെ അക്കൗണ്ടിൽ പണമുണ്ടാകൂവെന്ന് ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാർ. ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി കെഎസ്ആർടിസിയുടെ അനാവശ്യ റൂട്ടുകൾ നിർത്തുകയും ചില റൂട്ടുകൾ പരിഷ്കരിക്കുകയും ചെയ്യും. ഒരോ ബസിന്റെയും കോസ്റ്റ് ആക്കൗണ്ടിങ് നടത്തുമെന്നും മന്ത്രി അറിയിച്ചു. തിരവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇലക്ട്രിക് ബസുകൾ വിജയമല്ലെന്നും പലപ്പോഴും കിട്ടുന്നത് തുച്ഛമായ ലാഭമാണെന്നും ഗണേഷ് കുമാർ പറഞ്ഞു. ‘ഇലക്ട്രിക് ബസ് വാങ്ങുന്നതിനോട് യോജിപ്പില്ല. അതിനോട് സഹകരിക്കാൻ ഉദ്ദേശിക്കുന്നുമില്ല. അത് ഒരു വിജയമായി ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. മിക്കവാറും ബസുകളിൽ ആളില്ല. അതുകൊണ്ടുതന്നെ തുച്ഛമായി ലാഭമാണ് ഇതിലൂടെ ലഭിക്കുന്നത്. കെഎസ്ആർടിസി ഏറ്റവും കൂടുതൽ ഓടുന്നത് റെയിൽവേ സൗകര്യം ഇല്ലാത്ത മലയോര മേഖലകളിലാണ്. കെഎസ്ആർടിസിക്ക് പണമുണ്ടാക്കി കൊടുക്കുന്നത് ആ മേഖലകളിലാണ്. അത്തരം മേഖലകളിലേക്ക് ഇത് പോകാൻ ബുദ്ധിമുട്ടാണ്.

മിക്കവാറും ഇലക്ട്രിക് ബസില്‍ ആളില്ല. പത്തുരൂപ നിരക്കിലാണ് ബസ് ഓടുന്നത്. നൂറുപേര്‍ക്ക് കയറാന്‍ ഇതിൽ സൗകര്യമില്ല. നൂറുപേര്‍ കയറിയാല്‍ തന്നെ പത്തുരൂപ വച്ച് എത്ര രൂപ കിട്ടും, ആയിരം രൂപ. അതിന് കറന്റ് ചാര്‍ജ് എത്ര രൂപ വേണം? ഡ്രൈവര്‍ക്ക് ശമ്പളം എത്രവേണം. കിലോമീറ്ററിന് 28 പൈസ വച്ച് കെഎസ്ആര്‍ടിസി, സ്വിഫ്റ്റിന് കൊടുക്കണം. നൂറു കിലോമീറ്റര്‍ ഓടുമ്പോളോ, എത്ര രൂപ മിച്ചമുണ്ട്’’– മന്ത്രി ചോദിച്ചു.

കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം കൃത്യമായി കൊടുക്കാനുള്ള പദ്ധതി മനസ്സിലുണ്ടെന്നും അതിനുവേണ്ടിയുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടെന്നും ഗണേഷ് കുമാർ പറഞ്ഞു. മുഖ്യമന്ത്രിയുമായി സംസാരിച്ചിരുന്നു, അതനുസരിച്ച് ചില പദ്ധതികൾ മനസ്സിലുണ്ട്. അതനുസരിച്ച് ചില നീക്കങ്ങൾ നോക്കുന്നുണ്ട്. ശമ്പളം ഒരുമിച്ച് കൊടുക്കാനാകുമോ എന്നാണ് നോക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വെയർ ഈസ് മൈ ട്രെയിൻ എന്നു പറയുന്നതുപോലെ ബസ് എവിടെ എത്തിയെന്ന് അറിയാൻ വെയർ ഈസ് മൈ കെഎസ്ആർടിസി എന്നൊരു മൊബൈൽ ആപ് കൊണ്ടുവരാൻ ആലോചിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. ബസുകളിലുള്ള ജിപിഎസ് സേവനത്തെ ഏകോപിപ്പിക്കാൻ ഒരു കൺട്രോൾ റൂം തിരുവനന്തപുരത്ത് കൊണ്ടുവരാനായി ആലോചിക്കുന്നുണ്ട്. ബസുകൾ എവിടെയെത്തി, വേഗത എങ്ങനെയാണ് തുടങ്ങിയത് അറിയാൻ ഇതിലൂടെ സാധിക്കും. കെഎസ്ആർടിസി പമ്പുകൾ ലാഭത്തിലാണ് പോകുന്നതെന്നും ഗണേഷ് അറിയിച്ചു. എല്ലാ കെഎസ്ആർടിസി ബസ് സ്റ്റേഷനുകളിലെയും പമ്പുകൾ പരിശോധിക്കാൻ ലീഗൽ മെറ്ററോളജി ഡയറക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. സ്ഫിറ്റ് കമ്പനി ലാഭത്തിലാണെന്നും മന്ത്രി പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe